മലപ്പുറം: മലപ്പുറം എളങ്കൂരിൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹൃത്ത്. വിഷ്ണുജയെ ഭർത്താവ് പ്രഭിൻ നിരന്തരം ഉപദ്രവിച്ചിരുന്നു. ഭർതൃമാതാവിന്റെ മുന്നിൽവെച്ചും യുവതിയെ മർദിച്ചു. കടുത്ത പീഡനത്തെ തുടർന്ന് വിഷ്ണുജ മുമ്പും ആത്മഹത്യാശ്രമം നടത്തിയിരുന്നു. വിഷ്ണുജയെ പ്രഭിൻ ഭീഷണിപ്പെടുത്തിയിരുന്നതായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും സുഹൃത്ത് പറഞ്ഞു. പ്രഭിൻ ഉപദ്രവിക്കുന്നതിന്റെ തെളിവുകൾ വിഷ്ണുജ ഫോണിൽ സൂക്ഷിച്ചിരുന്നു. എന്നാൽ ഫോണിൽ നിന്നും പ്രതി തെളിവുകൾ നശിപ്പിച്ചുവെന്നും വിഷ്ണുജയുടെ സുഹൃത്ത് ആരോപിച്ചു.
പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25)യെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് വിഷ്ണുജയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. 2023 മെയ് മാസത്തിലാണ് വിഷ്ണുജയുടേയും എളങ്കൂർ സ്വദേശി പ്രഭിന്റേയും വിവാഹം കഴിഞ്ഞത്. സൗന്ദര്യം കുറഞ്ഞുവെന്ന് പറഞ്ഞ് പ്രഭിൻ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വിഷ്ണുജയുടെ കുടുംബം പറഞ്ഞു.
സ്ത്രീധനം കുറഞ്ഞുപോയെന്നും ജോലി ഇല്ലെന്നും പറഞ്ഞ് പീഡിപ്പിച്ചിരുന്നു. പ്രഭിന്റെ ബന്ധുക്കൾ ഇതിനെല്ലാം കൂട്ടുനിന്നിരുന്നെന്നും വിഷ്ണുജയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പ്രഭിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.