ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയത് രാത്രി വീട്ടിൽ വൈകിയെത്തുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് പിതാവിന്റെ മൊഴി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) മരിച്ചത്. പിതാവ് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പിതാവ് ജോസ്മോനെ (ഫ്രാൻസിസ് -53) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ നിരന്തരമുള്ള ഉപദ്രവം സഹിക്കവയ്യാതെ ചൊവ്വാഴ്ച രാത്രി മകളുടെ കഴുത്ത് ഞെരിച്ചും പിന്നീട് തോർത്ത് മുറുക്കിയും കൊലപ്പെടുത്തിയെന്ന് ചോദ്യംചെയ്യലിൽ പിതാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവങ്ങൾക്ക് തുടക്കം. രാത്രി വൈകി വീട്ടിൽ എത്തുന്നത് ചോദ്യം ചെയ്തിരുന്നു. വീടിന് പുറത്തിറങ്ങിയ യുവതിയോട് അകത്തുകയറാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. വീട്ടിലുണ്ടായിരുന്ന പ്രായമായ അപ്പൂപ്പനെ ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തത് ചോദ്യംചെയ്ത ജോസ്മോനുമായി വഴക്കുണ്ടാക്കി. തുടർന്നാണ് ക്രൂരമായ കൊലപാതകം നടന്നത്. ഈ സമയം വീട്ടിൽ ജോസ്മോനും അപ്പൂപ്പനും അമ്മൂമ്മയും ഭാര്യയുമാണ് ഉണ്ടായിരുന്നത്. നിസാര കാര്യത്തിനുപോലും വീട്ടിലുള്ളവരെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതിൽ സഹികെട്ടാണ് മകളെ കൊന്നതെന്നാണ് പ്രാഥമികവിവരം.
ബുധനാഴ്ച രാവിലെ ആറിന് കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. മകൾ ആത്മഹത്യ ചെയ്തെന്നാണ് അയൽവാസികളെയും ബന്ധുക്കളെയും ആദ്യം അറിയിച്ചത്. തുടർന്ന് ബന്ധുക്കളടക്കം വീട്ടിലെത്തി പരിശോധിച്ചപ്പോൾ കട്ടിലിലെ തലയിണയിൽനിന്ന് അൽപം മാറിയാണ് മൃതദേഹം കിടന്നത്. തുടർന്ന് ചെട്ടികാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മരണവിവരം വാർഡ് അംഗം ഇമ്മാനുവലാണ് പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ മണ്ണഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയപ്പോൾ യുവതിയുടെ കഴുത്തിൽ ചെറിയ പാടുകൾ ശ്രദ്ധയിൽപെട്ടു. ഇത് സംശയത്തിന് ഇടയാക്കി. ഇതിനുപിന്നാലെ പിതാവിനെയും ബന്ധുക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ആത്മഹത്യയെന്ന നിഗമനത്തിൽ മൃതദേഹം മറവുചെയ്യാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിവരം നാട്ടുകാരും അയൽവാസികളും അറിയുന്നത്.
ആലപ്പുഴ പ്രൊവിഡൻസ് ആശുപത്രി ലാബ് ടെക്നീഷ്യനാണ് എയ്ഞ്ചൽ. രണ്ടുവർഷം മുമ്പ് തുമ്പോളി സ്വദേശിയുമായിട്ടായിരുന്നു വിവാഹം. എട്ടുമാസമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ തർക്കവും ബഹളവും പതിവാണ്. ഓട്ടോഡ്രൈവർ കൂടിയായ ജോസ്മോന്റെ രണ്ടാമത്തെ മകളാണ്. മൂത്തമകൾ ബെയ്സിയെ നേരത്തേ വിവാഹം കഴിച്ച് അയച്ചിരുന്നു. മാതാവ്: സിന്ധു.
ആലപ്പുഴ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഓമനപ്പുഴ സെന്‍റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.