‘മകളെ കൊലപ്പെടുത്തിയത് ഭർത്താവിൻറെ കുടുംബം വിഷമിക്കുന്നത് കാണാൻ’; പൊലീസിനോട് സന്ധ്യ

news image
May 21, 2025, 1:36 pm GMT+0000 payyolionline.in

എറണാകുളത്തെ നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത്
ഭർതൃ കുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് പൊലീസ്. ഭർത്താവ് സുഭാഷിന്റേത് ആൺമക്കൾ കൂടുതലുള്ള കുടുംബമാണ്. കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതൽ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.

സുഭാഷ് അറിയാതെ സന്ധ്യയുടെ വീട്ടിൽ നിന്ന് 1 ലക്ഷം രൂപ വാങ്ങിയിരുന്നു. തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്ന് സുഭാഷ് സന്ധ്യയുടെ വീട്ടിൽ വിളിച്ചുപറഞ്ഞു. ഈ പണം എന്തിന് ചെലവഴിച്ചു എന്നും കണ്ടെത്താനായില്ല. ഇതും സന്ധ്യയുടെ വൈരാഗ്യം കൂട്ടിയെന്നാണ് വിലയിരുത്തൽ.
ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസിനോട് പറഞ്ഞത്. സന്ധ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഉടൻ പൊലീസ് കോടതിയെ സമീപിക്കും.
സന്ധ്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യൽ ഇന്ന് ആരംഭിക്കും.

ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സന്ധ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സന്ധ്യയെ കോടതിയിൽ ഹാജരാക്കിയത്. സന്ധ്യ നിലവിൽ കാക്കനാട് വനിതാ സബ് ജയിലിലാണ്.

ഡോക്ടർമാരുടെ വിദഗ്ധ ഉപദേശം ലഭിച്ചതിനുശേഷം പ്രതിയുടെ മാനസിക നില പരിശോധിക്കുമെന്ന് റൂറൽ എസ് പി എം ഹേമലത വ്യക്തമാക്കിയിരുന്നു.കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലയ്ക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനും ശേഷം ആയിരിക്കും കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe