‘മക്കളെക്കാള്‍ സ്‌നേഹം അവനു നൽകി’: ശ്രീതുവിന്റെ മൊഴിയെടുത്ത് പൊലീസ്; ചുരുളഴിക്കാൻ തീവ്രശ്രമം

news image
Feb 1, 2025, 10:57 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ് ചുരുളഴിക്കാനുള്ള തീവ്രശ്രമത്തില്‍ പൊലീസ്. കുഞ്ഞിന്റെ അമ്മ ശ്രീതുവും അറസ്റ്റിലായ അമ്മാവന്‍ ഹരികുമാറും തമ്മിലുള്ള ബന്ധവും ഇടപാടുകളും സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തതയാണ് പൊലീസിനെ കുഴയ്ക്കുന്നത്. കുഞ്ഞിന്റെ അമ്മാവനായ ഹരികുമാറാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് പറയുമ്പോഴും എന്തിനാണ് കൊലപാതകം നടത്തിയതെന്നും കൃത്യത്തില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോ എന്ന കാര്യത്തിലും വ്യക്തത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഭര്‍ത്താവ് ശ്രീജിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരിയായ ശ്രീതുവിനോടുള്ള വൈരാഗ്യമാണ് കുഞ്ഞിനെ കൊല്ലാനുള്ള കാരണമെന്ന് ഹരികുമാര്‍ പറയുന്നുണ്ടെങ്കിലും പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

 

ഹരികുമാര്‍ തനിക്ക് മൂത്തമകനെപ്പോലെയായിരുന്നുവെന്നാണ് ശ്രീതു പൊലീസിനോടു പറഞ്ഞത്. അന്തര്‍മുഖനായിരുന്ന ഹരിക്ക് സുഹൃത്തുക്കളും പുറത്ത് ബന്ധങ്ങളുമൊക്കെ കുറവായിരുന്നു. അതുകൊണ്ട് കൂടുതല്‍ സമയവും വീട്ടിലായിരുന്നു. അപ്പോഴൊക്കെ മൂത്തമകനെപ്പോലെ അവനെ നോക്കിയിട്ടുണ്ട്. മക്കളുണ്ടായ ശേഷവും മക്കളെക്കാള്‍ സ്‌നേഹം അവനാണ് നല്‍കിയതെന്നും ശ്രീതു പറഞ്ഞു. തിരുവനന്തപുരത്ത് പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ശ്രീതു ഇപ്പോള്‍ കഴിയുന്നത്. ഇവിടെ വച്ചാണ് പൊലീസ് മൊഴിയെടുത്തത്. ഇരുവരും തമ്മിലുള്ള വാട്‌സാപ് ചാറ്റുകളും പൊലീസ് പരിശോധിച്ചിരുന്നു.

നിഗൂഢസ്വഭാവമാണ് രണ്ടു പേര്‍ക്കുമെന്നാണ് പൊലീസും പറയുന്നത്. ഒരേ വീട്ടില്‍ തൊട്ടടുത്ത മുറികളില്‍ ഇരുന്ന് രാത്രിയും പകലുമൊക്കെ ഇവര്‍ പരസ്പരം അയച്ച ശബ്ദസന്ദേശങ്ങളള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. പല മെസേജുകളും ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. ഈ വാട്‌സാപ് ചാറ്റ് കേന്ദ്രീകരിച്ചാണ് കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ചകളും സംശയവും വ്യാപകമായി നടക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe