ആലപ്പുഴ: മകൻ മരിച്ച വിവരം അച്ഛൻ പുറത്തുപറഞ്ഞില്ലെന്ന് ആരോപണം. വീട്ടിൽ കിടന്ന് മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ചപ്പോൾ നാട്ടുകാര്‍ പരിശോധിച്ചാണ് മരണവിവരം അറിഞ്ഞത്. ചെങ്ങന്നൂര്‍ പുലിയൂര് ചെമ്പോലില്‍ രഞ്ജിത് ജി നായര്‍ (31) ആണ് മരിച്ചത്. അച്ഛൻ ഗോപിനാഥനൊപ്പമായിരുന്നു രഞ്ജിത്ത് താമസിച്ചത്. എറണാകുളത്തെ ഓൺലൈൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു രഞ്ജിത്ത്. വിവാഹിതനായിരുന്നെങ്കിലും മാസങ്ങൾക്ക് മുൻപ് ബന്ധം വേര്‍പെടുത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.
എപ്പോഴാണ് രഞ്ജിത്ത് മരിച്ചതെന്ന് വ്യക്തമല്ല. ഇന്ന് വൈകിട്ട് നാല് മണിയോടെ വീടിനുള്ളിൽ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു. ഇതോടെയാണ് അയൽവാസികളും ബന്ധുക്കളും പരിശോധിക്കാനെത്തിയത്. ഈ സമയത്താണ് രഞ്ജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ് രഞ്ജിത്തിന്റെ അച്ഛൻ ഗോപിനാഥൻ. ഇവരുടെ വീട്ടിൽ മറ്റാരും താമസിച്ചിരുന്നില്ല. മകൻ മരിച്ച വിവരം അറിഞ്ഞിട്ടും ഗോപിനാഥൻ പുറത്തറിയിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.