കൊച്ചി: മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായിരുന്നു. 1.6 ഗ്രാം കഞ്ചാവാണ് സംവിധായകരിൽ നിന്നും പിടികൂടിയത്. ചെറിയ അളവ് കഞ്ചാവാണ് പിടികൂടിയതെന്നതിനാൽ മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ പുലർച്ചെ രണ്ട് മണിയോടെയാണ് പരിശോധന നടന്നത്. ഇവർക്ക് കഞ്ചാവെത്തിച്ച ആളിനെ എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.
“നിരന്തരം ലഹരി ഉപയോഗിക്കുന്നവരാണ് ഇവർ, ഒരുപാട് ആളുകൾ ഇവരുടെ ഫ്ലാറ്റിൽ വരുന്നുണ്ട്, മഞ്ഞുമ്മൽ ബോയ്‌സിൽ അഭിനയിച്ചിട്ടുണ്ടെന്നായിരുന്നു കഞ്ചാവുമായി പിടിക്കപ്പെട്ട ശേഷം ഖാലിദ് റഹ്‌മാൻ മറുപടി നൽകിയത്’ റെയ്‌ഡ് നടത്തിയ എക്സൈസ് ഓഫീസറിന്‍റെ വാക്കുകളാണിത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും അറസ്‌റ്റിലാവുന്നത്.
അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. വൻ വിജയമായ മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്.
തമാശ, ഭീമന്റെ വഴി എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചയിതാവ് കൂടിയാണ് അഷ്റഫ് ഹംസ.