ബെംഗളൂരു: മഡിവാളയിൽ മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഹൈനസ് അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെ വയനാട്ടിൽ നിന്നാണ് കർണാടക പൊലീസ് പിടികൂടിയത്. ഇയാളെ ബെംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് ഹൈനസ് അറസ്റ്റിലാകുന്നത്.48 മണിക്കൂറിനകം പ്രതിയെ പിടികൂടണം എന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ കർശന നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ തന്നെ പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. നിലവിൽ ഹൈനസ് ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
കോടതിയിൽ ഹാജരാക്കിയതിന് ശേഷം മാത്രമേ ചോദ്യം ചെയ്യലിനായി വാങ്ങുമോ അതോ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമോ എന്നതിൽ വ്യക്തത ഉണ്ടാവുകയുള്ളു. മഡിവാളയിൽ 20 വയസുള്ള മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെയ്തതാണ് കേസ്.
മെയ് 12നാണ് സംഭവം. മഡിവാളയിൽ താമസ സ്ഥലത്ത് വെച്ച് പെൺകുട്ടിയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു. പിറ്റേന്ന് പരാതിയുമായി പെൺകുട്ടി പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. പെൺകുട്ടിയെ പൊലീസ് അപമാനിക്കുകയും ചെയ്തു.
അതേസമയം മടിവാള സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റിനിർത്തി. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
