ന്യൂഡൽഹി ∙ മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. സുപ്രീം കോടതിക്കു മുന്നിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണു പ്രതിഷേധം നടന്നത്. സംസ്ഥാന– കേന്ദ്രസർക്കാരുകൾ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മണിപ്പുർ സംഭവത്തിൽ ആശങ്ക അറിയിച്ചും അപലപിച്ചും സുപ്രീം കോടതി ബാർ അസോസിയേഷനും പ്രമേയം പാസാക്കി.
മണിപ്പുർ സംഭവങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ നിരസിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര നിയമസഭയിൽനിന്നു കോൺഗ്രസ്, എൻസിപി, ശിവസേന (ഉദ്ധവ് വിഭാഗം) എംഎൽഎമാർ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തെ വനിതാ എംഎൽഎമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്.