മണിപ്പൂരിലെ കേന്ദ്ര നടപടിയിൽ അമർഷം; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ എൻഡ‍ിഎ സഖ്യകക്ഷി

news image
Aug 10, 2023, 4:18 am GMT+0000 payyolionline.in

ദില്ലി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനൊരുങ്ങി എൻഡ‍ിഎ സഖ്യകക്ഷി. സഖ്യകക്ഷിയായ എംഎൻഎഫ് (മിസോ നാഷണല്‍ ഫ്രണ്ട്) ആണ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നത്. മണിപ്പൂരിലെ കേന്ദ്രസർക്കാര്‍ നടപടിയിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് നീക്കം. ലോക്സഭയില്‍ ഒരു എംപി മാത്രമാണ് എംഎൻഎഫിന് ഉള്ളത്. നിലവിൽ മിസോറാമിലെ ഭരണകക്ഷിയാണ് മിസോ നാഷണല്‍ ഫ്രണ്ട്. കഴിഞ്ഞ മാസം നടന്ന എൻഡിഎ യോഗവും എംഎൻഎഫ് ബഹിഷ്കരിച്ചിരുന്നു.

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ലോക്സഭയില്‍ ഇന്നലെ രാഹുല്‍ ഗാന്ധി എംപി ആഞ്ഞടിച്ചിരുന്നു. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ വിഷയത്തിൽ അതിരൂക്ഷ വിമർശനം ഉയർത്തി. മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്.

സംസ്ഥാനം ഇപ്പോൾ രണ്ടായിരിക്കുന്നു. ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ വിമർശിച്ചു. രാഹുലിന്‍റെ പ്രസംഗം പലപ്പോഴും ഭരണപക്ഷ എംപിമാരുടെ ബഹളത്തിൽ മുങ്ങി. ബിജെപി രാജ്യസ്നേഹികളല്ല, രാജ്യദ്യോഹികളാണെന്ന് രാഹുല്‍ പാര്‍ലമെന്‍റില്‍ വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ മോദി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പൂര്‍ ഹിന്ദുസ്ഥാനില്‍ അല്ലെന്നാണ് മോദിയുടെ പക്ഷമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പ്രധാനമന്ത്രി മണിപ്പൂരില്‍ പോയോ എന്ന് ചോദിച്ച രാഹുല്‍ ഗാന്ധി, മണിപ്പൂരില്‍ കൊല ചെയ്യപ്പെട്ടത് ഭാരത മാതാവാണെന്ന് രാഹുല്‍ പറഞ്ഞു.

 

അതിനിടെ, രാഹുൽ ഗാന്ധി പാര്‍ലമെന്റിൽ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തതായി പുറത്തുവന്നു. കൊലപാതകമെന്ന വാക്കാണ് പ്രധാനമായും നീക്കിയത്. ഭാരത മാതാവിനെ കൊല ചെയ്യുന്നുവെന്ന വാചകത്തിലെ ‘കൊല’ എന്ന വാക്ക് നീക്കി. പ്രസംഗത്തിൽ ഉടനീളം കൊലപാതകം എന്ന വാക്ക് രാഹുൽ ഉപയോഗിച്ചിരുന്നു. പലയിടത്ത് നിന്നും ഇത് നീക്കി. ബിജെപി നേതാക്കൾ രാജ്യദ്രോഹികൾ ആണെന്ന വാചകത്തിലെ ‘രാജ്യദ്രോഹികൾ’ എന്ന വാക്കും ഒഴിവാക്കി. പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ കഴിയില്ല എന്ന വാചകത്തിലെ ‘പ്രധാനമന്ത്രി’ എന്ന വാക്കും നീക്കം ചെയ്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe