മണിപ്പൂരിൽ കൂടുതൽ അർധ സൈനിക വിഭാഗങ്ങളെ എത്തിച്ച് കേന്ദ്രം. 50 സി.എ.പി.എഫ് കമ്പനികളെ കൂടി സംസ്ഥാനത്ത് വിന്യസിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 20 കമ്പനികൾ ഇതിനകം മണിപ്പൂരിൽ എത്തിക്കഴിഞ്ഞു. അമർനാഥ് യാത്രയുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്ന് ഒഴിവാക്കിയാണ് മണിപ്പൂരിലെ പ്രശ്‌നബാധിത സ്ഥലങ്ങളിലേക്ക് അധിക സേനയെ വിന്യസിച്ചത്.
കൂടുതൽ അർധ സൈനിക വിഭാഗങ്ങൾ എത്തുന്നതോടെ കരസേനയെ വിവിധ സ്ഥലങ്ങളിൽ നിന്നും പിൻവലിച്ചേക്കുമെന്നും സൂചനകളുണ്ട്. അസം റൈഫിൾസ് സൈനികരെയും ചില സ്ഥലങ്ങളിൽ നിന്ന് പിൻവലിച്ചേക്കും. ഏതാനും ആഴ്‌ചകൾ മുമ്പുള്ളതിനേക്കാൾ സ്ഥിതിഗതികൾ അൽപം കൂടി ശാന്തമായെന്നും അധിക കേന്ദ്രസേനയെ ലഭിച്ചതിനാൽ കരസേനയെ ചില സ്ഥലങ്ങളിൽ നിന്നും പിൻവലിക്കാനാകുമെന്നും വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഏതൊക്കെ മേഖലകളിൽ നിന്നാകും സൈന്യത്തെ പിൻവലിക്കുക എന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
‘സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ചിലയിടങ്ങളിൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ അധിക കേന്ദ്രസേന എത്തുന്നതോടെ, ചില സ്ഥലങ്ങളിൽ നിന്നും കരസേനയെ തിരിച്ചു വിളിക്കാനാകും. വിവിധ സേനകളുമായും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിൽ, സൈന്യത്തിന് പകരമായി, സായുധസേനാംഗങ്ങളെ അനന്തനാഗിൽ നിന്ന് മണിപ്പൂരിലേക്ക് മാറ്റാൻ തീരുമാനം ആയിട്ടുണ്ട്. സൈന്യത്തിന്മറ്റ് ചുമതലകളുമുണ്ട്. അതിനാൽ ഇവർക്ക് പകരക്കാർ എത്തേണ്ടത് അത്യാവശ്യമായിരുന്നു’- സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞയാഴ്ച, അമർനാഥ് യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ജമ്മുകശ്മീരിൽ 325 സിഎപിഎഫ് കമ്പനികളെ വിന്യസിച്ചിരുന്നു. ഇതിൽ 225 പേരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്നീട് തിരിച്ചു വിളിച്ചിരുന്നു. ഈ 225 പേരിൽ പെട്ടവരെയാണ് മണിപ്പൂരിലെ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. ലോക്കൽ പോലീസിനെ സഹായിക്കുക എന്നതും ഇവരുടെ ചുമതലയാണ്. ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതിനും ലോക്കൽ പോലീസിനെ സഹായിക്കുന്നതിനുമായി ബിഎസ്എഫ്, ഐടിബിപി അംഗങ്ങളും പിന്നീട് മണിപ്പൂരിലെത്തും.