മണിപ്പൂരില്‍ സംഘര്‍ഷം; അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ പ്രതിഷേധം

news image
Jun 7, 2023, 9:00 am GMT+0000 payyolionline.in

ദില്ലി: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കുകി വനിതാ ഫോറം. ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്ത സമാധാനം മണിപ്പൂരിലില്ലെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും വനിതാ ഫോറം ആവശ്യപ്പെട്ടു. അതേസമയം, സംഘര്‍ഷങ്ങളില്‍ ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി.

അമിത് ഷാ താങ്കള്‍ ഞങ്ങള്‍ക്ക് സമാധാനം വാഗ്ദാനം ചെയ്തു. പക്ഷേ എവിടെ സമാധാനം? മുഖ്യമന്ത്രി ബിരേന്‍ സിംഗ് സ്വേച്ഛാധിപതിയാണ് തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് കുക്കി വനിതാ ഫോറം അമിത് ഷായുടെ വസതിക്ക് മുന്നിലേക്ക് പ്രതിഷേധവുമായെത്തിയത്. സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇടപെടല്‍ വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിച്ചവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. അമിത് ഷായുടെ സന്ദര്‍ശന ശേഷവും കലാപം വ്യാപിക്കുന്നതും കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്. മുന്‍പ് കലാപം നടന്ന സ്ഥലങ്ങളില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് രാത്രികളിലും സൈന്യവും കലാപകാരികളും തമ്മില്‍ വെടിവെയ്പുണ്ടായെന്നും സൈന്യം ഫലപ്രദമായി ചെറുത്തെന്നും ആര്‍മി വാര്‍ത്താക്കുറിപ്പിറക്കി. അസം റൈഫിള്‍സില്‍ ഉള്‍പ്പെട്ട രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാപം ഉണ്ടായാല്‍ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചിരുന്നു. ജനവികാരം എതിരായതിനാല്‍ മുഖ്യമന്ത്രിയുടെ നില തന്നെ പരുങ്ങലിലാണ്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന ആഭ്യന്തരമന്ത്രാലയം അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  അതേസമയം, മണിപ്പൂരില്‍ നിന്നുള്ള നാഗ എംഎല്‍എമാരുടെ സംഘം ദില്ലിയിലെത്തിയിട്ടുണ്ടങ്കിലും അമിത്ഷായുമായി കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ടുകളില്ല. മെയ്തി കുകി വിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തിനൊപ്പം മുഖ്യമന്ത്രി ബിരേന്‍സിംഗിനെ മാറ്റണമെന്നാണ് നാഗ വിഭാഗത്തിന്‍റെയും ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe