‘മണിപ്പൂരിൽ ഭരണഘടന സംവിധാനം തകർന്നു, രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്ന സംഭവം’; പ്രതികരണവുമായി കമൽഹാസൻ

news image
Jul 21, 2023, 7:16 am GMT+0000 payyolionline.in

മണപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിൽ രൂക്ഷ പ്രതികരണവുമായി നടൻ കമൽഹാസൻ. മണിപ്പൂരിൽ ഭരണഘടന സംവിധാനം തകർന്നെന്നും രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്ന സംഭവമാണെന്നും തമിഴ്നാട്ടിലെ ‘മക്കൾ നീതി മയ്യം’ പാർട്ടി നേതാവ് കൂടിയായ കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രപതി ഭവനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. സംവിധായകൻ പാ രഞ്ജിത്തും സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, അനുപം ഖേർ, ജയ ബച്ചൻ, പ്രിയങ്ക ചോപ്ര, സെലിന ജെയ്റ്റ്ലി, റിച്ച ഛദ്ദ, ഊർമിള മണ്ഡോദ്കർ തുടങ്ങിയവരും സംഭവത്തിൽ രൂക്ഷ വിമർശനവുമായി എത്തിയിരുന്നു.

‘മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വിഡിയോ കണ്ട് ഞെട്ടുകയും അസ്വസ്ഥനാവുകയും ചെയ്തു. ഇനിയൊരിക്കലും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനെ കുറിച്ച് ചി​ന്തിക്കുക പോലും ചെയ്യാത്ത രീതിയിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, എന്നിങ്ങനെയാണ് അക്ഷയ്കുമാർ ട്വിറ്ററിൽ കുറിച്ചത്.

‘മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ നടത്തിയ പൈശാചികമായ ഈ പ്രവൃത്തി ലജ്ജാകരമാണ്. ഞാന്‍ ഭയങ്കര ദേഷ്യത്തിലാണ്. ഈ ഹീനകൃത്യം ചെയ്ത ആളുകളെ കഠിനമായിതന്നെ ശിക്ഷിക്കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും അഭ്യർഥിക്കുന്നു. ആലോചിക്കുമ്പോൾ തന്നെ വിറച്ചു പോകുന്ന തരത്തിലുള്ള ശിക്ഷ നല്‍കണം’, എന്നാണ് അനുപം ഖേർ പറഞ്ഞത്.

‘മണിപ്പൂർ വിഡിയോ കണ്ട് ഞെട്ടുകയും ആകെ ഉലയുകയും പരിഭ്രാന്തയാകുകയും ചെയ്തു. മേയ് മാസത്തിലാണ് ഇത് സംഭവിച്ചത്, എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. മൗനത്തിലായിരുന്ന അധികാരത്തിന്റെ ഉന്നതങ്ങളിൽ ഇരിക്കുന്നവരെയും അവരുടെ ബൂട്ടുകൾ നക്കുന്ന മാധ്യമങ്ങളെയും സെലിബ്രിറ്റികളെയും ഓർത്ത് ലജ്ജിക്കുന്നു. പ്രിയ ഇന്ത്യക്കാരെ നമ്മൾ എപ്പോഴാണ് ഇവിടെ എത്തിയത്’, എന്നിങ്ങനെയായിരുന്നു ഊർമിള മണ്ഡോദ്കറുടെ പ്രതികരണം.

മണിപ്പൂരിൽ കുക്കി വനിതകൾക്കുനേരെയുണ്ടായ ക്രൂരമായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിച്ചത്. സംഭവത്തിന്റെ തലേദിവസം കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായിരുന്നു. തുടരെ അപമാനിക്കുന്നതും നിസ്സഹായരായി സ്ത്രീകൾ കരയുന്നതും ദൃശ്യത്തിലുണ്ട്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യഭാഗങ്ങളിൽ അതിക്രമം നടത്തിയും യുവതിക​ളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്നതായിരുന്നു ദൃശ്യം. സംഭവത്തിൽ നാലുപേ​ർ അറസ്റ്റിലായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe