ഇംഫാൽ: മണിപ്പൂരിൽ മന്ത്രിയുടെ ഗോഡൗണിന് തീയിട്ട് പ്രതിഷേധക്കാർ. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ലെയ്‌ഷാങ്‌തെം സുസിന്ദ്രോ മെയ്‌തേയുടെ ഗോഡൗണിനാണ് തീയിട്ടത്. വെള്ളിയാഴ്ച രാത്രി സുസീന്ദ്രോയുടെ വീടിന് നേരെയും അക്രമം നടത്താൻ പ്രതിഷേധക്കാർ ശ്രമിച്ചിരുന്നു. കണ്ണീർ വാതകം പ്രയോഗിച്ചതോടെയാണ് പ്രതിഷേധക്കാർ മടങ്ങിയത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കലാപത്തിൽ വീട് നക്ഷ്ടമായവർക്ക് പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 14നും സമാന രീതിയിൽ മന്ത്രി നെംച കിപ്ഗെനിന്‍റെ വസതിയും പ്രതിഷേധക്കാർ തീയിട്ടിരുന്നു. കേന്ദ്ര മന്ത്രി ആർ. കെ രഞ്ജൻ സിങ്ങിന്‍റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു.
മെയ് മൂന്നിനാണ് മണിപ്പൂരിൽ കലാപം ആരംഭിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് മണിപ്പൂരിൽ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കണമെന്ന് മെയ്തേയ് സമുദായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുക്കി വിഭാഗത്തിന് പ്രത്യേക സംസ്ഥാനം അനുവദിക്കണമെന്നായിരുന്നു കുക്കി വിഭാഗത്തിന്‍റെ ആവശ്യം. ജനസംഖ്യയുടെ 64 ശതമാനത്തോളം വരുന്ന ഗ്രോത്രേതര വിഭാഗമാണ് മെയ്തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരും.
അടുത്തിടെ മെയ്തെയ് വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽപ്പെടുത്താൻ ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇത് നടപ്പാക്കരുതെന്ന ആവശ്യവുമായി നാഗ-കുക്കി വിഭാഗങ്ങൾ രംഗത്തെത്തി. മെയ് മൂന്നിന് ട്രൈബൽ സ്റ്റുഡന്റ്സ് യൂനിയൻ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കലാപത്തിൽ ഇതുവരെ നൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്.