എറണാകുളം: പച്ചാളത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് തലയ്ക്കടിയേറ്റു മരിച്ചു. പച്ചാളം സ്വദേശി ആൽ ജൂഡ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് സിനോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സിനോഷിന്റെ വീട്ടിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതിയും കൊല്ലപ്പെട്ട ആൽ ജൂഡും ചേർന്ന് വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയും സിനോഷ് അടുക്കളയിലിരുന്ന ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ആൽ ജൂഡിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആൽ ജൂഡ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
സംഭവസമയത്ത് ഇവർക്കൊപ്പം മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിനോഷ് പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
