തിരുവനന്തപുരം: മദ്യലഹരിയിൽ ലോഡിങ് തൊഴിലാളിയുടെ വീട്ടു മതിൽ ചാടിയ പൊലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു. രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം.
ബേക്കറി ജങ്ഷനിലെ തൊഴിലാളിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ടെലികമ്മ്യൂണിക്കേഷൻ സി.പി.ഒ ആർ. ബിജുവിനാണ് മർദനമേറ്റത്. ഇയാളെ കണ്ട് തൊഴിലാളിയുടെ വീട്ടുകാർ ബഹളം വെക്കുകയായിരുന്നു. തുടർന്ന് ലോഡിങ് തൊഴിലാളികളും സുഹൃത്തുക്കളും വടികളുമായെത്തി ബിജുവിനെ മർദിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ബിജു. പട്ടത്തെ ടെലി കമ്മ്യൂണിക്കേഷൻ ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്.സംഭവത്തിൽ ബിജുവിനും നാട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു.
എസ്.ഐയെ ആക്രമിച്ചതിന് നേരത്തെ റിമാൻഡിലായിരുന്നു ബിജു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നേരത്തേയും വകുപ്പുതല നടപടികൾ നേരിട്ടിരുന്നു. കോഴിക്കോട്ട് നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായാണ് ബിജുവിനെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. ബിജു കുറച്ചു നാളായി ജോലിക്കെത്തിയിരുന്നില്ലെന്ന് ടെലി കമ്മ്യൂണിക്കേഷൻ അധികൃതർ പറഞ്ഞു.