മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്; അബ്ബാസ് പൊലീസ് കസ്റ്റഡിയിൽ

news image
Nov 18, 2022, 3:24 pm GMT+0000 payyolionline.in

മണ്ണാർക്കാട്: മധുവി​ന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അബ്ബാസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രിം കോടതിയും തള്ളിയതിനെ തുടർന്ന് ബുധനാഴ്ചയാണ് ഒന്നാം പ്രതി അബ്ബാസ് വിചാരണ കോടതിയിൽ കീഴടങ്ങിയത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി വിട്ടുകിട്ടണമെന്ന പൊലീസ് അപേക്ഷ പരിഗണിച്ചാണ് വൈകുന്നേരം അഞ്ചുവരെ കസ്റ്റഡിയിൽ വിട്ടത്.

അബ്ബാസിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച വീണ്ടും പരിഗണിക്കും. കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യാൻ തെളിവായി സ്വീകരിച്ച ഫോൺ കാൾ രേഖകൾ മധു വധക്കേസിൽ തെളിവായി ഉൾപ്പെടുത്തണമെന്നും ടെലിഫോൺ കമ്പനി നോഡൽ ഓഫിസർമാരെ സാക്ഷികളായി കൊണ്ടുവരണമെന്നുമുള്ള പ്രോസിക്യൂഷൻ ഹരജിയിൽ വാദം നടന്നു. ഈ ആവശ്യത്തെ സാധൂകരിക്കുന്ന മറ്റേതെങ്കിലും വിധിയുണ്ടെങ്കിൽ ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു.

കേസിൽ കൂറ് മാറിയ എട്ട് സാക്ഷികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹരജി ഫയൽ ചെയ്തു. മധു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി ടി.കെ. സുബ്രഹ്മണ്യനെ തിങ്കളാഴ്ച വിസ്തരിക്കും. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റിപ്പോർട്ട് തയ്യാറാക്കിയ അന്നത്തെ ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജിനെ വിസ്തരിക്കാനും റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാനുമുള്ള വിചാരണ കോടതി ഉത്തരവിനെതിരെ പ്രതിഭാഗം ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ വാദം പൂർത്തിയായി 24ന് വിധി പറയും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe