പാലക്കാട്: മധു വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി സതീശൻ രാജിവെച്ചതിൽ സന്തോഷമെന്ന് കുടുംബം. പുതിയ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനത്തിൽ കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ പദവിയിൽ നിന്ന് ഡോ. കെ.പി. സതീശൻ പിന്മാറിയത്. വിവരം ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. കെ.പി. സതീശനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ സത്യാഗ്രഹ സമരം നടത്തിയിരുന്നു.
സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായി അഡ്വ. രാജേഷ് എം. മേനോനെയും അഡ്വ. ജീവേഷിനെയും അഡ്വ. സി.കെ. രാധാകൃഷ്ണനേയും നിയമിക്കണമെന്നാണ് മല്ലിയമ്മയുടെ ആവശ്യം. പ്രോസിക്യൂട്ടറായി കെ.പി സതീശനെ നിയമിച്ചാൽ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുമെന്നാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ആദിവാസി ഊരിലെ മല്ലന്റേയും മല്ലിയുടേയും മകൻ മധു (34) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. മണ്ണാർക്കാട് പ്രത്യേക കോടതി ഏഴ് വർഷത്തേക്ക് ശിക്ഷിച്ചതിനെതിരെ പ്രതികൾ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയും ഹൈകോടതിയുടെ പരിഗണനയിലാണ്.