മധ്യപ്രദേശിൽ കന്നുകാലികൾ അലഞ്ഞു തിരിയുന്നത് പിടികൂടിയാൽ ഉടമസ്ഥർക്ക് അഞ്ചടി, 500 രൂപ പിഴ

news image
Jul 21, 2023, 3:43 pm GMT+0000 payyolionline.in

ഭോപ്പാൽ: കന്നുകാലികളെ അലഞ്ഞു തിരിയുന്നത് പിടികൂടിയാൽ ഉടമസ്ഥർക്ക് അഞ്ച് ചെരിപ്പുകൊണ്ട് അഞ്ചടിയും 500 രൂപ പിഴയും വിധിക്കാൻ ​ഗ്രാമ സർപഞ്ചിന്റെ ഉത്തരവ്. മധ്യപ്രദേശിലെ ഷഹ്‌ദോൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാഗ്‌നൗദി ഗ്രാമത്തിലാണ് സംഭവം. അലഞ്ഞുതിരിയുന്ന കന്നുകാലികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന പരാതികൾ ഉയർന്നതോടെയാണ് ​ഗ്രാമത്തലവൻ കടുത്ത തീരുമാനത്തിലേക്ക് കടന്നത്. പെരുമ്പറ കൊട്ടിയാണ് ​ഗ്രാമത്തലവന്റെ അനുയായികൾ ഉത്തരവ് ​ഗ്രാമീണരെ അറിയിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു.

കന്നുകാലികൾ ഗ്രാമത്തിൽ സ്വതന്ത്രമായി അലഞ്ഞുതിരിയുന്നത് കണ്ടെത്തിയാൽ അവരെ അഞ്ച് തവണ ചെരിപ്പുകൊണ്ട് അടിക്കുകയും 500 രൂപ പിഴ ഈടാക്കുകയും ചെയ്യുമെന്ന് ​ഗ്രാമത്തലവന്റെ അനുയായി ഗ്രാമവാസികളോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. അതേസമയം, നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമീണർ രം​ഗത്തെത്തി. ​ഗ്രാമത്തലവന്റെ ഉത്തരവ് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. വിഷയത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഇടപെടണമെന്നും ​ഗ്രാമീണർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe