മനുവിനെ സംരക്ഷിച്ചിട്ടില്ല, മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരമാണ് തിരിച്ചെടുത്തത്: കെസിഎ

news image
Jul 12, 2024, 4:50 pm GMT+0000 payyolionline.in

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കോച്ച് മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജും സെക്രട്ടറി വിനോദ് കുമാറും. അത്തരത്തിലൊരാളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യം അസോസിയേഷനില്ലെന്ന് ഇരുവരും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മനുവിനെതിരായ കേസ് അന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന്‍ സഹകരിക്കുന്നുണ്ട്. മനു കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലകനായി എത്തിയത് 2012 ഒക്ടോബര്‍ 12നാണ്. 2022ലാണ് മനുവിനെതിരെ ആദ്യം ആരോപണമുയര്‍ന്നത്. അപ്പോള്‍ കുട്ടികളോ രക്ഷിതാക്കളോ അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

കേസില്‍ ചൈല്‍ഡ് ലൈനും പൊലീസും അന്വേഷണം നടത്തിയപ്പോഴാണ് തങ്ങള്‍കാര്യങ്ങള്‍ അറിഞ്ഞതെന്ന് കെസിഎ പറയുന്നു. മനുവിനെ മാറ്റി നിര്‍ത്തിയെങ്കിലും ചില കുട്ടികളും രക്ഷിതാക്കളും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മനുവിനെ തിരിച്ചെടുത്തത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഈ വിഷയങ്ങളില്‍ പ്രതികരിക്കാതെ മാറി നിന്നിട്ടില്ല.

കാര്യങ്ങള്‍ അന്വേഷിക്കാതെ മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരം മനുവിനെ വീണ്ടും നിയമിച്ചത് കെസിഎക്ക് സംഭവിച്ച വീഴ്ചയാണ്, സമ്മതിക്കുന്നുവെന്നും ഇരുവരും വിശദീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe