ആലപ്പുഴ: യുഡിഎഫ് വിജയത്തിൽ സന്തോഷമാണെന്ന് അരൂർ നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവർത്തനം തന്നെയാണ് വിജയത്തിന്റെ പ്രധാന കാരണമെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. തുടക്കത്തിൽ തന്നെ വിജയം സുനിശ്ചിതമായിരുന്നുവെന്നും ഒരു പിഴവും പറ്റിയില്ലെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
വനിതകൾക്ക് ഇനിയും സീറ്റ് വേണമെന്ന് ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു. ‘എല്ലാ കാലത്തും ഞാൻ അടക്കമുള്ള കോൺഗ്രസിലെ വനിതകൾ പാർട്ടിക്കകത്ത് കലാപമുണ്ടാക്കുന്ന കാര്യമാണ് വനിതകൾക്ക് മതിയായ സീറ്റ് നൽകണമെന്നത്. ഇത്തവണ കേരളത്തിന് മാതൃകയായി മികച്ച സ്ഥാനാർത്ഥികളെ നിർത്താനും നന്നായി പോരാടുന്ന സമർത്ഥരായ സംഘടനാ ബോധമുള്ള എംഎൽഎമാരെ വിജയിപ്പിക്കാനും സാധിച്ചു. ഇതുകൊണ്ട് തൃപ്തരമല്ല. കൂടുതൽ വനിതകളെ എല്ലാ സഭകളിലേക്കും എത്തിക്കുന്ന ശ്രമം കോൺഗ്രസ് ചെയ്യും’, ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
മന്ത്രിസഭയിലും മതിയായ പ്രാതിനിധ്യം വനിതകൾക്ക് വേണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. താൻ പദവികളിലേക്കും സംഘടനാ ശേഷിയിലേക്കും എത്തിയത് പാർട്ടിയുടെ പ്രതിനിധിയായാണ്. പാർട്ടിക്ക് ആ കരുതൽ തങ്ങളോട് ഉണ്ടാകുമെന്ന് ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.
‘മന്ത്രിസഭയിലേക്ക് എത്തുമോ ഇല്ലയോ എന്ന് എനിക്ക് അഭിപ്രായം പറയാൻ പറ്റില്ല. അന്തിമ തീരുമാനം പാർട്ടിയുടേതാണ്. ഞാൻ എന്നും സ്ത്രീപക്ഷവാദിയാണ്. എന്നെ പോലുള്ള ഒട്ടേറെ വനിതകൾ രാഷ്ട്രീയം നോക്കാതെ മുഖം നോക്കാതെ എല്ലാ കാലത്തും ഇടപെട്ടിട്ടുണ്ട്. അത് തുടരും’, ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വനിതാ മുഖ്യമന്ത്രി പരാമർശത്തിലും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. രാഹുൽ ഗാന്ധി പറഞ്ഞതിനെ വാചകത്തിന്റെ അർത്ഥത്തിൽ അല്ല വിശകലനം ചെയ്യേണ്ടതെന്ന് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. വനിതകൾക്ക് പാർട്ടിക്കുള്ളിൽ നൽകുന്ന പ്രാതിനിധ്യത്തെ കുറിച്ചാണ് രാഹുൽ ഗാന്ധി പറഞ്ഞത്. അതിന്റെ അർത്ഥം വനിതാ മുഖ്യമന്ത്രി വരണമെന്നല്ല, മാക്സിമം പരിഗണനയും പ്രാധാന്യവും കൊടുക്കുക എന്നതാണെന്ന് ഷാനിമോൾ ഉസ്മാൻ വിശദീകരിച്ചു.
