കോഴിക്കോട്: മന്ത്രിസ്ഥാനത്ത് നിന്ന് മാറുന്ന കാര്യം സ്വപ്നത്തിൽ പോലും ആലോചിച്ചിട്ടില്ലെന്ന് എ.കെ. ശശീന്ദ്രൻ. മന്ത്രി മാറുന്നത് സംബന്ധിച്ച് പാർട്ടിയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഇല്ലാത്ത പ്രശ്നമുണ്ടെന്ന് പറയുന്ന വാർത്തയോട് പ്രതികരിക്കേണ്ട കാര്യമില്ല. താനോ പാർട്ടിയോ സ്വപ്നത്തിൽ പോലും ആലോചിക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്നും എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.
എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ എൻ.സി.പിയിൽ നീക്കം നടക്കുന്നുവെന്ന വാർത്തയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച കൊച്ചിയിൽ ചേർന്ന ജില്ല പ്രസിഡന്റുമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ച നടന്നുവെന്നാണ് വിവരം. ഭൂരിപക്ഷം ജില്ല പ്രസിഡന്റുമാരും സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ. തോമസ് മന്ത്രിയാകുന്നതിനെ അനുകൂലിച്ചതായാണ് വിവരം.
തീരുമാനം ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിക്കാൻ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനമൊഴിയാൻ സന്നദ്ധനല്ല. പാർട്ടി നിർബന്ധിച്ച് രാജിവെപ്പിച്ചാൽ എം.എൽ.എ സ്ഥാനം കൂടി ഒഴിയുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മന്ത്രിമാറ്റത്തിൽ എൻ.സി.പിയിലെ അന്തിമതീരുമാനം ശരദ് പവാറിന്റേതാകും. എന്നാൽ, എൻ.സി.പി തീരുമാനിച്ചാലും ഈ ഘട്ടത്തിൽ മാറ്റത്തിന് സി.പി.എമ്മും മുഖ്യമന്ത്രിയും അനുകൂലമാകുമോയെന്നതും വിഷയമാണ്.
നേരത്തേ, രണ്ടര വർഷ കരാർപ്രകാരമുള്ള മന്ത്രിമാറ്റ സമയത്ത് എൻ.സി.പിയിലെ മന്ത്രിക്കും മാറ്റം വേണമെന്ന് തോമസ് കെ. തോമസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. അന്ന് എൻ.സി.പി പ്രസിഡന്റ് പി.സി. ചാക്കോ മന്ത്രിമാറ്റത്തിന് എതിരായിരുന്നു. ഇപ്പോൾ പ്രസിഡന്റ് നിലപാട് മാറിയതാണ് തോമസ് കെ. തോമസിന് പ്രതീക്ഷ നൽകുന്നത്.
എൻ.സി.പിയുടെ രണ്ട് എം.എൽ.എമാർ രണ്ടര വർഷം വീതം മന്ത്രിപദവി പങ്കിടണമെന്ന് കരാറുണ്ടെന്നാണ് തോമസ് കെ. തോമസിന്റെ നിലപാട്. അന്ന് എൻ.സി.പി ദേശീയ നേതാവായിരുന്ന പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിലുണ്ടാക്കിയ കരാർ മുഖ്യമന്ത്രി പിണറായി വിജയനും അറിയാമെന്നും പറഞ്ഞു. എന്നാൽ, കരാർ അറിയില്ലെന്നായിരുന്നു പിണറായിയുടെ നിലപാട്. പ്രഫുൽ പട്ടേൽ ശരദ് പവാറിന്റെ എൻ.സി.പി വിട്ടുപോവുകയും ചെയ്തു.