ഒറ്റപ്പാലം: പിഴയടയ്ക്കാന്‍ ഇ-ചലാന്‍ ലഭിച്ചിട്ടും ഹോണ്‍ അഴിച്ചുമാറ്റിയില്ലെങ്കിലും നടപടി ഉണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ്. എയര്‍ ഹോണ്‍ കണ്ടെത്തിയ വാഹനങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പ് വീണ്ടും പരിശോധന നടത്തും. അഴിച്ചുമാറ്റിയില്ലെന്ന് കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനാണ് വകുപ്പിന്റെ ലക്ഷ്യം.
എയര്‍ഹോണ്‍ അഴിച്ചെടുത്ത് തകര്‍ക്കുന്നതിന് പകരമാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനം. പാലക്കാട് ജില്ലയില്‍ മാത്രം കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ പരിശോധയില്‍ 4.24 ലക്ഷം രൂപ പിഴയീടാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉടമകള്‍ക്ക് ഇ-ചലാന്‍ നല്‍കിയിട്ടുള്ളത്. സ്വകാര്യബസുകളുള്‍പ്പെടെ 212 വാഹനങ്ങള്‍ക്കെതിരേയായിരുന്നു നടപടി.
സംസ്ഥാനത്ത് വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള എയര്‍ഹോണുകള്‍ കണ്ടെത്തി അവ തകര്‍ക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. എയര്‍ഹോണിലേക്ക് വേണ്ട എയര്‍ ബ്രേക്ക് സിസ്റ്റത്തില്‍ നിന്നാണെത്തുന്നത്. ഉദ്യോഗസ്ഥര്‍ അഴിച്ചെടുത്താല്‍ ചിലപ്പോള്‍ ബസിന് സാങ്കേതിക പ്രശ്നങ്ങളുണ്ടായേക്കാം. ഇതുമൂലം പാലക്കാട്ട് എയര്‍ ഹോണുകള്‍ അഴിച്ചെടുത്തിട്ടില്ല.
വീണ്ടും പരിശോധന നടത്തുമെന്നും കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും പാലക്കാട് ആര്‍ടിഒ സി.യു. മുജീബ് പറഞ്ഞു. പിടികൂടിയ വാഹനങ്ങളില്‍ 90 ശതമാനവും സ്വകാര്യബസുകളാണ്. പാലക്കാട്-തൃശ്ശൂര്‍ പാതയില്‍നിന്നാണ് കൂടുതല്‍ ബസുകളും പിടികൂടിയിട്ടുള്ളത്. ഒപ്പം പാലക്കാട് -കുളപ്പുള്ളി, പാലക്കാട് – പെരിന്തല്‍മണ്ണ തുടങ്ങി പ്രധാന പാതകളിലെല്ലാം പരിശോധന നടന്നു.
ഇതില്‍ പാലക്കാട്- തൃശ്ശൂര്‍ പാതയില്‍ നേരത്തെ തന്നെ എയര്‍ഹോണ്‍ ഉപയോഗിക്കുന്നതിനെതിരേ പരാതികള്‍ മോട്ടോര്‍ വാഹന വകുപ്പിനെത്തിയിരുന്നു. ഒരു വാഹനത്തില്‍നിന്ന് 2,000 രൂപയാണ് പിഴയീടാക്കുന്നത്. ഇതിനായുള്ള ചലാന്‍ 212 വാഹന ഉടമകള്‍ക്കും കൈമാറി. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളും എന്‍ഫോഴ്സ്മെന്റ് വിഭാഗവുമെല്ലാം ചേര്‍ന്നായിരുന്നു പരിശോധന.