പത്തനാപുരം: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമർശിച്ച് പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ. തന്നെ പോലുള്ള സീനിയർ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നും പത്തനാപുരം ബ്ലോക്കിൽ ഈ വർഷം പുതിയതായി 100 മീറ്റർ റോഡ് പോലും അനുവദിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരത്ത് ഈസ്റ്റ് കോക്കുളത്ത് ഏല-പട്ടമല റോഡ് ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കവെയായിരുന്നു മന്ത്രിക്കെതിരായ വിമർശനം.
റോഡ് ഉദ്ഘാടന പരിപാടിയുടെ പോസ്റ്ററിൽ മന്ത്രി റിയാസിന്റെ പടമാണ് വെച്ചിരിക്കുന്നത്. എന്നാൽ, വെക്കേണ്ടത് ജി. സുധാകരന്റെ പടമായിരുന്നു. ജി. സുധാകരനാണ് ഉദ്ഘാടനം ചെയ്യുന്ന റോഡ് അനുവദിച്ചത്. അതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
മന്ത്രി റിയാസ് ഇപ്പോൾ റോഡ് തരുന്നില്ല. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നടൻ എന്ന കാര്യം മാറ്റിനിർത്തിയാൽ തനിക്ക് ജനപ്രതിനിധി എന്ന നിലയിൽ സീനിയോറിറ്റിയുണ്ട്. റിയാസിനെക്കാളും 20 വർഷം മുമ്പ് മന്ത്രിയായ ആളാണ് താൻ. വേണ്ട വിധത്തിൽ റോഡുകൾ അനുവദിക്കുന്നില്ലെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി.