കൊച്ചി: ഇന്ത്യൻ ഭരണഘടനയെ വിമർശിച്ച് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട അവഹേളന കേസിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസിൽ പുനരന്വേഷണം ഹൈകോടതി പ്രഖ്യാപിച്ചു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന റിപ്പോർട്ട് ഹൈകോടതി റദ്ദാക്കി.
2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയിൽ പ്രസംഗിച്ചതാണ് വിവാദമായത്. സജി ചെറിയാന് ക്ലീൻചിറ്റ് നൽകിയ പൊലീസ് റിപ്പോർട്ട് പരിഗണിച്ച് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ ബൈജു നോയലാണ് ഹരജി നൽകിയത്.
പ്രസംഗം കേൾക്കാൻ ഹരജിക്കാരൻ ഉണ്ടായിരുന്നില്ലല്ലോ എന്ന കോടതിയുടെ ചോദ്യത്തിന് മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞതെന്നായിരുന്നു മറുപടി. മന്ത്രിയുടെ രണ്ടരമണിക്കൂർ പ്രസംഗത്തിൽ സാന്ദർഭികമായി പറഞ്ഞ കാര്യങ്ങൾ മാത്രമാണിതെന്നാണ് സർക്കാറിന്റെ വാദം.
ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യുന്നുവെന്ന് വിമർശിച്ചതല്ലാതെ, ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നായിരുന്നു കീഴ്വായ്പൂർ പൊലീസിന്റെ കണ്ടെത്തൽ.