മയക്കുമരുന്നിന്‍റെ വിതരണവും കടത്തും തടയാന്‍ കര്‍ശന നടപടി: പൊലീസിലെ ഒറ്റുകാരേയും പൂട്ടും

news image
Feb 7, 2024, 2:36 pm GMT+0000 payyolionline.in

തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ വിതരണവും കടത്തും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് മേഖല ഐ ജിമാര്‍ക്കും റേഞ്ച് ഡി ഐ ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതിനായി തുടര്‍ച്ചയായ പരിശോധനയും ഒപ്പം ബോധവല്‍ക്കരണവും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ച ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാപ്പ നിയമപ്രകാരം നടപടികള്‍ കൈക്കൊള്ളുന്നത് കൂടുതല്‍ ഊര്‍ജിതമാക്കും. ക്രിമിനലുകളുമായും മറ്റു മാഫിയാ സംഘങ്ങളുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കും. ഇവര്‍ക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.

കുറ്റവാളികളെ കണ്ടെത്തുന്നതിനും അക്രമം തടയുന്നതിനുമായി ജില്ലാ അതിര്‍ത്തികള്‍ അടച്ചുള്ള പരിശോധനകള്‍ക്ക് ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. ശരീരത്തില്‍ ഘടിപ്പിച്ചും വാഹനങ്ങളില്‍ സ്ഥാപിച്ചും പ്രവര്‍ത്തിക്കുന്ന ക്യാമറകളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.  സൈബര്‍ ഡിവിഷന്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വിദഗ്ദ്ധമായി അന്വേഷിക്കുന്നതിന് പൊലീസിന് കൂടുതല്‍ ആത്മവിശ്വാസം കൈവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe