മരുന്ന് പാക്കറ്റുകളിലെ ചുവന്ന വര കണ്ടിട്ടില്ലേ? ഇത് അ‌ർത്ഥമാക്കുന്നത് എന്ത്?

news image
Jan 28, 2026, 6:08 am GMT+0000 payyolionline.in

ഇന്ന് മിക്കവാറും പേർ ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ ദിവസേന മരുന്ന് കഴിക്കുന്നവരാണ്. ദിവസേന ഒന്നിലേറെ മരുന്നുകൾ കഴിക്കുന്നുമുണ്ട്. തലവേദന വന്നാലും പനി വന്നാലും ഡോളോയിലും പാരാസെറ്റാമോളിലും അഭയം പ്രാപിക്കുന്നവരുമുണ്ടാകും. എന്നാൽ ഒരു കാരണവശാലും ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ മരുന്ന് കഴിക്കാൻ പാടുള്ളതല്ല. സ്വയം ചികിത്സയുമരുത്.

പറഞ്ഞുവരുന്നത് ​ഗുളികകളെ കുറിച്ചല്ല, മരുന്നിന്റെ പുറത്തുള്ള ചില കാര്യങ്ങളെ കുറിച്ചാണ്. ​ഗുളികകൾ വാങ്ങുമ്പോള്‍ അതിന്റെ പാക്കറ്റില്‍ വ്യത്യസ്തമായ മാര്‍ക്കുകള്‍, ലേബലുകൾ ഒക്കെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? മരുന്നുകളുടെ സ്ട്രിപ്പുകളിലെ ചുവന്ന വര ഉണ്ടാകാറില്ലേ? ഇവ സൂചിപ്പിക്കുന്നത് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് വാങ്ങി കഴിക്കരുത് എന്നാണ്.

ചില പാക്കേജുകളില്‍ ഒരു ചുവന്ന ബോക്‌സില്‍ ഇതേ വിവരങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇതിന് പുറമെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നിന്റെ മുഴുവന്‍ കോഴ്‌സും പൂര്‍ത്തിയാക്കുന്നതാണ് ഉചിതമെന്ന അര്‍ഥവും ഇതിനുണ്ട്.

 

അലര്‍ജി

ചില മരുന്നുകൾ അലർജി ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ അലര്‍ജി ഉണ്ടാക്കുന്ന ഘടകത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു മുന്നറിയിപ്പ് ലേബല്‍ ഈ മരുന്നുകളിൽ ഉണ്ടാകും. അത് വായിച്ച് നോക്കി മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭിണികളും പ്രായമായ രോഗികളുമെല്ലാം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഡോസേജ്

മരുന്നിന്റെ ഡോസേജിനെ കുറിച്ചുള്ള കാര്യങ്ങൾ മെഡിസിന്‍ സ്ട്രിപ്പിലോ ബോട്ടിലിലോ എളുപ്പത്തില്‍ കണ്ടെത്താനാകും. മുതിര്‍ന്ന ആളുകള്‍ക്കും കുട്ടികള്‍ക്കും കഴിക്കാവുന്ന ഡോസുകള്‍ ഇവയില്‍ ഉണ്ടാകും. പതിവായി മരുന്ന് കഴിക്കുന്നവരാണെങ്കിലും മരുന്ന് വാങ്ങുമ്പോള്‍ ഡോസേജ് പരിശോധിക്കാൻ മറക്കരുത്.

എക്‌സപയറി ഡേറ്റ്

എക്‌സപയറി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ ഒരിക്കലും കഴിക്കരുത്. മരുന്നു വാങ്ങുമ്പോൾ ഡേറ്റ് കൃത്യമായി പരിശോധിക്കണം.

മരുന്ന് സൂക്ഷിക്കേണ്ട രീതി

മരുന്ന് സൂക്ഷിക്കേണ്ട രീതിയെക്കുറിച്ചുള്ള മുന്നറിയിപ്പും അവ​ഗണിച്ചുകൂടാ. താപനില, ഈര്‍പ്പം, വെളിച്ചം ഇവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലുണ്ടാകും. ഫ്രിഡിജിലാണോ അതോ മുറിയിലെ താപനിലയിലാണോ മരുന്ന് സൂക്ഷിക്കേണ്ടത് എന്ന വിവരങ്ങള്‍ ഇതിലൂടെ മനസിലാക്കാനാകും.

 

പാക്കേജ് ഇന്‍സേര്‍ട്ട് വായിക്കാം

മരുന്നിന്റെ കവറുകളിൽ പേപ്പര്‍ ലഘുലേഖകൾ ഉണ്ടാകാറുണ്ട്. മരുന്നിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ഈ ലഘുലേഖയിൽ അടങ്ങിയിട്ടുണ്ടാകും. അതിന്റെ ഉപയോഗങ്ങള്‍, പാര്‍ശ്വഫലങ്ങള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഉപയോഗിക്കേണ്ട വിധം തുടങ്ങിയവ അതിലുണ്ടാകും. മരുന്ന് ഉപയോഗിക്കുന്നതിന് മുന്‍പ് ഇവ ശ്രദ്ധാപൂര്‍വ്വം വായിക്കണം. ഏതെങ്കിലും കാര്യത്തിൽ സംശയമുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe