മലപ്പുറം: കാളികാവ് അടയ്ക്കാകുണ്ടിലെ നരഭോജി കടുവയെ കണ്ടെത്തി. മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം പുറപ്പെട്ടു. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്. നാലു സംഘങ്ങളായി തിരിഞ്ഞാണ് കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം നടത്തുക.
കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം ഊർജ്ജിതമായിരുന്നു. തിരച്ചിലിന്റെ ഭാഗമായി കേരള എസ്റ്റേറ്റിന് സമീപത്തെ റോഡിന് സമീപവും, മഞ്ഞൾപ്പാറ ഭാഗത്തും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കടുവയെ നിരീക്ഷിക്കുന്നതിനായി 50 ക്യാമറയും മൂന്ന് കൂടുകളുമാണ് സ്ഥാപിച്ചിരുന്നത്. അധികമായി അഞ്ച് ലൈവ് സ്ട്രീമിങ് ക്യാമറകളും കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു.
ടാപ്പിംഗ് തൊഴിലാളി കാളികാവ് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. അടയ്ക്കാകുണ്ടിൽ ടാപ്പിങ് ചെയ്തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്.