മലപ്പുറം: ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന് കീഴിൽ ജില്ലയിൽ 2375 കിലോമീറ്റർ റോഡുകളാണുള്ളത്. അതിൽ 1722 കിലോമീറ്റർ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാനായി. ഇതിന് ചെലവ് കൂടുതലാണെങ്കിലും ദീർഘകാലം നിലനിൽക്കുമെന്നും ഇതിന് ഉദാഹരണമാണ് ജില്ലയിലെ വിവിധ റോഡുകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. റോഡുകളുടെ നിർമാണത്തിന് തുക ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുകയാണ് സർക്കാർ നയം.
അതിനാണ് നിർമാണം പൂർത്തിയായ റോഡുകൾക്ക് സമീപം ചെലവഴിച്ച തുക, പരിപാലന കാലാവധി, കരാറുകാരന്റെ പേര് തുടങ്ങിയ ബോർഡുകൾ സ്ഥാപിക്കുന്നത്. ജില്ലയിലെ 2375 കിലോമീറ്റർ റോഡിൽ 2203 റോഡുകളും റണ്ണിങ് കോൺട്രാക്ട് വഴി നവീകരിച്ചതാണ്. അതായത്, 93 ശതമാനം. 145 കിലോമീറ്റർ റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് പ്രവർത്തിക്കാൻ 6.55 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇത് വലിയ രീതിയിൽ പരിപാലന നടപടികൾ വേഗത്തിലാക്കാൻ സഹായകരമാക്കി.