മലപ്പുറത്ത് സോളാർ പ്ലാന്‍റ് സ്ഥാപിച്ചപ്പോൾ ‘ഇരട്ടി ഷോക്ക്’; പ്ലാന്‍റ് തിരിച്ചെടുത്ത് 7,80,000 രൂപ നല്‍കാന്‍ വിധി

news image
Oct 10, 2023, 6:02 am GMT+0000 payyolionline.in

മലപ്പുറം: സോളാർ പ്ലാന്‍റ് സ്ഥാപിച്ചപ്പോൾ വൈദ്യുതി ബില്ല് കൂടിയെന്ന പരാതിയിൽ, പ്ലാന്‍റിന് ചെലവായ തുകയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. മലപ്പുറം കൊളത്തൂർ മർക്കസ് തസ്‌കിയത്തിൽ ഇർഷാദിയ എന്ന സ്ഥാപനമാണ് പരാതി നല്‍കിയത്. സോളാർ പ്ലാന്റ് സ്ഥാപിക്കാൻ ചെലവഴിച്ച 6,80,000 രൂപ തിരികെ നൽകാനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുമാണ് വിധി.

 

സോളാർ പ്ലാന്‍റ് സ്ഥാപിച്ചാൽ വൈദ്യുതി ബില്ല് കുറയുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്ലാന്‍റ് സ്ഥാപിച്ചത്. എന്നാൽ ഇതിന് ശേഷം ബില്ല് വർധിച്ചതായി കണ്ടതിനെ തുടർന്ന് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. പ്ലാന്‍റ് പരിശോധിക്കാൻ പോലും എതിർകക്ഷി തയ്യാറായില്ലെന്നും കരാർ പ്രകാരം നിശ്ചയിച്ച വസ്തുക്കളല്ല പ്ലാന്‍റ് നിർമാണത്തിന് ഉപയോഗിച്ചതെന്നും പരാതിക്കാർ പറയുന്നു.

 

 

ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർ റിയാസ് മുഹമ്മദിനെ എക്സ്‌പേർട്ട് കമ്മീഷണറായി പരിശോധനക്ക് നിയോഗിച്ചു. രേഖകളും എക്സ്പേർട്ട് കമ്മീഷൻ റിപ്പോർട്ടും പരിശോധിച്ച ശേഷം പരാതിക്കാരന്റെ ആക്ഷേപം ശരിയെന്ന് കണ്ടെത്തിയാണ് കമ്മീഷന്റെ വിധി.

സോളാർ പ്ലാന്റ് സ്ഥാപിക്കാൻ ചെലവഴിച്ച 6,80,000 രൂപ തിരികെ നൽകാനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും കമ്മീഷൻ ഉത്തരവിട്ടു. കോടതി ചെലവായി 10000 രൂപയും നൽകണം. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം വിധി തിയ്യതി മുതൽ ഒമ്പത് ശതമാനം പലിശയും നൽകണം. കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് വിധി പറഞ്ഞത്. സ്ഥാപനത്തിന് വേണ്ടി പുതുവത്ത് അബൂബക്കർ എന്നയാളാണ് പരാതി നല്‍കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe