കിഴിശ്ശേരി (മലപ്പുറം) ∙ അർധരാത്രി കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോയിലെത്തിയയാൾ ഇതരസംസ്ഥാനത്തൊഴിലാളിയെ ഇടിച്ചിട്ട് കടന്നു. ഗുരുതര പരുക്കേറ്റ തൊഴിലാളി മരിച്ചു. ഗുഡ്സ് ഓട്ടോയിൽ കടന്നയാളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. സംഭവം കൊലപാതകമെന്നു സംശയം. കിഴിശ്ശേരി ആലിൻചുവട് താമസിക്കുന്ന അസം സ്വദേശി അഹദുൽ ഇസ്ലാം ആണ് മരിച്ചതെന്നാണു വിവരം.
കിഴിശ്ശേരി നീരുട്ടക്കലിൽ താമസിക്കുന്ന ഗുൽസർ (30) ആണ് പൊലീസ് പിടിയിലായത്. ഇയാൾ പലതവണ വാഹനം ഇടിപ്പിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. ഇതാണ് കൊലപാതകമാണെന്നു സംശയിക്കാൻ കാരണമെന്നു പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ യുവാവിനെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊലീസ് നടത്തിയ തിരച്ചിലിൽ പുലർച്ചെ ഒന്നരയോടെയാണ് ഗുൽസറിനെ വലയിലാക്കിയത്. ഇയാൾ ഗുഡ്സ് ഓട്ടോയിൽ മത്സ്യവിൽപന നടത്തുന്ന തൊഴിലാളിയാണ്. കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ലെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.