മഞ്ചേരി:11കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 60കാരന് 21 വർഷം കഠിന തടവും 2.60 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വേങ്ങര ഇരിങ്ങല്ലൂർ കാവുങ്ങൽ മോഹൻദാസിനെയാണ് മഞ്ചേരി അതിവേഗ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് അഞ്ച് വർഷം കഠിന തടവ്, 50000 രൂപ പിഴ എന്നതാണ് ശിക്ഷ. പോക്സോ നിയമത്തിലെ 9 (എൽ), 9 (എം) വകുപ്പുകളിൽ ഏഴ് വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. മൂന്നു വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിന് പുറമെ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ട് വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ അനുഭവിക്കണം.
പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയടക്കുകയാണെങ്കിൽ തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു. 2019 നവംബർ മുതൽ 2020 ജനുവരി വരെയുള്ള വിവിധ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ മുൻവശത്തെ റോഡിൽ നിൽക്കുകയായിരുന്ന കുട്ടിയെ അരിവാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തി നിരയാക്കിയെന്നാണ് കേസ്.
കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വേങ്ങര എസ്.ഐ ആയിരുന്ന എൻ. മുഹമ്മദ് റഫീഖാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസി ക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ 11 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 15 രേഖകളും ഹാജരാക്കി. എ.എസ്.ഐമാരായ എൻ. സൽമ, പി. ഷാജിമോൾ എന്നിവരായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലൈസൺ ഓഫിസർമാർ.