കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാർക്കും എക്സിക്യൂട്ടീവ് ഓഫീസർമാർക്കും 7000 രൂപ വീതം ഉത്സവബത്ത നൽകാൻ ബോർഡ് യോഗം തീരുമാനിച്ചു. ഗ്രേഡ് വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ക്ഷേത്രങ്ങളിലെയും സ്ഥിരം ജീവനക്കാർക്ക് തുല്യ ബത്തയാണ് നൽകുക. താൽക്കാലിക ജീവനക്കാർക്കും ദിവസവേതനകാർക്കും കരാർ തൊഴിലാളികൾക്കും 3500 രൂപ വീതവും. ഇതിനായി മൂന്നുകോടി രൂപ പ്രത്യേകമായി ക്ഷേത്രങ്ങൾക്ക് അനുവദിച്ചു.
കോഴിക്കോട്ട് ചേർന്ന മലബാർ ദേവസ്വംബോർഡ് യോഗമാണ് തീരുമാനമെടുത്തത്. യോഗത്തിൽ ബോർഡ് പ്രസിഡന്റ് എം ആർ മുരളി അധ്യക്ഷനായി. കമീഷണർ പി നന്ദകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ എം ഗോവിന്ദൻകുട്ടി, പി കെ മധുസൂദനൻ മെമ്പർമാരായ രാധ മാമ്പറ്റ, കെ ജനാർദനൻ, കെ രാമചന്ദ്രൻ, ഓട്ടൂർ ഉണ്ണികൃഷ്‌ണൻ, വി കൃഷ്‌ണൻകുട്ടി എന്നിവർ സംസാരിച്ചു.