മലമ്പുഴ ഡാമിൽ 45 ഹെക്ടറിലായി മഹാശിലാ നിർമിതികൾ; അമ്പരന്ന് പുരാവസ്തു ഗവേഷകർ

news image
Mar 25, 2025, 1:21 pm GMT+0000 payyolionline.in

മലമ്പുഴ: പാലക്കാട് മലമ്പുഴ ഡാമിനടുത്ത് നടത്തിയ ഉദ്ഖനനത്തില്‍ വന്‍തോതില്‍ മഹാശിലാ (മെഗാലിത്തിക് ) നിര്‍മിതികള്‍ കണ്ടെത്തി പുരാവസ്തു ഗവേഷകര്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

ശിലാ നിര്‍മിതികളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 45 ഹെക്ടര്‍ ഭൂമിയിലായി വ്യാപിച്ചു കിടക്കുന്ന 110-ലേറെ മഹാശിലാ നിര്‍മിതികളാണ് കണ്ടെത്തിയത്.

മലമ്പുഴ ഡാമിലെ ദ്വീപുകള്‍ പോലുള്ള കുന്നുകളിലാണ് ശിലാ നിര്‍മിതികള്‍ കണ്ടെത്തിയത്. ഭീമന്‍ ഗ്രാനൈറ്റ് ഫലകങ്ങളും പാറക്കല്ലുകളും ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ചിലത് ലാറ്ററൈറ്റ് കല്ലുകൾ കൊണ്ടാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നു.

പ്രാചീന കല്ലറ വിഭാഗത്തില്‍ പെട്ടവയാണ് ഇവ. കേരളത്തിലെ ആദ്യകാല ഇരുമ്പുയുഗ സമൂഹത്തെയും അവരുടെ വിശ്വാസ വ്യവസ്ഥയെയും കുറിച്ചുള്ള കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ ഈ കണ്ടെത്തലിന് സാധിക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നു.

ആന്ധ്രാപ്രദേശിയിലെ കടപ്പയിലെ ലങ്കമല റിസര്‍വ് വനത്തില്‍ അടുത്തിടെ പുരാതന ലിഖിതങ്ങള്‍ കണ്ടെത്തി ആഴ്ചകള്‍ക്ക് ശേഷമാണ് കേരളത്തിലെ കണ്ടെത്തല്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe