മലയാളി വ്യവസായിയുടെ ദുരൂഹമരണം: സ്പെഷൽ ഇന്റലിജൻസ് അന്വേഷണം തുടങ്ങി

news image
Oct 5, 2023, 5:38 am GMT+0000 payyolionline.in

ന്യൂഡ‍ൽഹി: ദ്വാരകയിലെ പാർക്കിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട മലയാളി വ്യവസായി പി.പി.സുജാതന്റെ മരണത്തിൽ ഡൽഹി പൊലീസിന്റെ സ്പെഷൽ ഇന്റലിജൻസ് ടീം അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ദ്വാരക പൊലീസ് കമ്മിഷണർ എം.ഹർഷവർധനുമായി മലയാളി സംഘടനകളുടെ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്.

 

സുജാതന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നു ലഭിക്കും റിപ്പോർട്ട് വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ചു പറയാനാകൂവെന്നും കമ്മിഷണർ പറഞ്ഞു. ആത്മഹത്യ ആണോ എന്ന സംശയവും പൊലീസിന്റെ പ്രതികരണങ്ങളിൽ പ്രതിഫലിച്ചിരുന്നു. എന്നാൽ, മരണം നടന്ന ദിവസം സ്ഥലം സന്ദർശിച്ച ശേഷം പ്രഥമദൃഷ്ട്യാ കൊലപാതകം തന്നെയാണെന്നായിരുന്നു കമ്മിഷണർ തന്നെ പറഞ്ഞത്. കൊലപ്പെടുത്തിയ ശേഷം മരച്ചില്ലയിൽ കെട്ടിത്തൂക്കിയതാണെന്നു വ്യക്തമാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പറഞ്ഞിരുന്നു. 302–ാം വകുപ്പു പ്രകാരം കൊലപാതകകുറ്റം ചുമത്തി തന്നെയാണ് പൊലീസ് കേസെടുത്തിരിക്കുന്നതും തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ പാർക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നുവെന്നും കൊലപാതകത്തിനു കേസെടുക്കുന്നുവെന്നുമായിരുന്നു പൊലീസിന്റെ ഔദ്യോഗിക പ്രതികരണവും.

 

 

 

അതേസമയം, സുജാതൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോണിൽ നിന്ന് അവസാന വാട്സാപ് സന്ദേശം അയച്ചിരിക്കുന്നതും ഫോൺ ചെയ്തിരിക്കുന്നതും വീടിന്റെ ഉള്ളിൽ നിന്നാണ്. സുജാതന്റെ ശരീരത്തിൽ മുറിവുകളുണ്ടാക്കിയ ബ്ലേഡ് കണ്ടുകിട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ശരീരത്തിൽ കണ്ടെത്തിയ മുറിവുകളൊന്നും തന്നെ ആഴത്തിലുള്ളതല്ലെന്നു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ സൂചിപ്പിച്ചതായി പൊലീസ് അറിയിച്ചു. മരിക്കുന്നതിനു മുൻപ് നടത്തിയ സാമ്പത്തിക, വസ്തു ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

 

 

 

സുജാതന്റെ മരണാനന്തര കർമങ്ങൾക്കായി കുടുംബം ഇന്നലെ ഹരിദ്വാറിലായിരുന്നു. അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മലയാളി സംഘടനകൾ ദ്വാരക സെക്ടർ 11ലെ മന്നം ഇന്റർനാഷനൽ സെന്ററിൽ ശനിയാഴ്ച വൈകിട്ട് 6ന് യോഗം ചേരുന്നുണ്ട്. എസ്എൻ‍ഡിപി, വേൾഡ് മലയാളി കൗൺസിൽ, ദ്വാരക ഡൽഹി മലയാളിഅസോസിയേഷൻ, ജനസംസ്കൃതി, ഡൽഹി മലയാളി അസോസിയേഷൻ മഹാവീർ എൻക്ലേവ്, എൻഎസ്എസ്, ശ്രീനാരായണ കേന്ദ്രം, ദ്വാരക അയ്യപ്പ പൂജ സമിതി, അയ്യപ്പ സേവാ സമിതി, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, നവോദയം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് ഇന്നലെ ദ്വാരക സെക്ടർ 19ലെ പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe