മലയോരത്തെ കാട്ടുചോലകള്‍ വറ്റി കല്‍പ്പാതകളായി, വരള്‍ച്ച നേരത്തെയെത്തുമെന്ന് ആശങ്ക

news image
Jan 7, 2026, 10:15 am GMT+0000 payyolionline.in

മലപ്പുറം: വേനലിന്‍റെ തുടക്കത്തില്‍ തന്നെ കാട്ടുചോലകള്‍ വറ്റിവരണ്ടത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു. മലയോരത്തിന്റെ ജീവനാഡിയായ കോട്ടപ്പുഴയും ചോക്കാടന്‍ പുഴയുടെയും ഉത്ഭവ സ്ഥാനത്തെ ചോലകള്‍ വെറും കല്‍പ്പാതകളായി മാറിയിരിക്കുകയാണ്. നീരൊഴുക്ക് പാടെ നിന്ന അവസ്ഥയാണിപ്പോഴുള്ളത്. ഇത്തവണ കടുത്ത വരള്‍ച്ച നേരിടേണ്ടി വരുമോ എന്ന ആശങ്കയുണ്ട്.

വരള്‍ച്ച പ്രതിരോധിക്കാന്‍ മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. നടപടിയുടെ ഭാഗമായി ടി കെ കോളനി, ചിങ്കക്കല്ല്, നെല്ലിക്കര വന മേഖലയിലുള്ള ചോലകളില്‍ നിന്ന് വ്യാപകമായി വെള്ളം പമ്പു ചെയ്യുന്നതാണ് ചോലകള്‍ നേരത്തെ വറ്റാന്‍ പ്രധാന കാരണം. വനമേഖലയിലെത്തുന്ന ടൂറിസ്റ്റുകള്‍ ചോല മലിനമാക്കുന്നത് തടയാന്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കിഴക്കന്‍ മലയോരത്തില്‍ ഏറ്റവും ഉയരത്തില്‍ ജനങ്ങള്‍ താമസിക്കുന്ന ടി.കെ കോളനി, ചിങ്കക്കല്ല് എന്നിവിടങ്ങളില്‍ കുടിവെള്ളത്തിനുള്ള ഏക ആശ്രയം കാട്ടുചോലകള്‍ മാത്രമാണ്. ചോലയിലെ ചെറിയ കുഴികളില്‍ നിന്ന് കിലോമീറ്ററുകള്‍ ദൂരത്തേക്ക് പ്ലാസ്റ്റിക് ഹോസുകള്‍ വഴിയാണ് വീടുകളില്‍ കുടിവെള്ളമെത്തുന്നത്. ഈ ജലസ്രോതസ്സ് മലിനമാക്കുന്നതും വറ്റിപ്പോകുന്നതും മേഖലയിലെ ജനങ്ങളുടെ കുടിവെള്ള ലഭ്യത ഇല്ലാതാക്കും.  വനമേഖലയില്‍ അനധികൃതമായി പ്രവേശിക്കുന്നത് ശിക്ഷാര്‍ഹമാണെങ്കിലും ധാരാളം സഞ്ചാരികള്‍ ചോലകളില്‍ കുളിക്കാനെത്തുന്നുണ്ട്.ചോക്കാട് വനമേഖലയിലെ കുറിഞ്ഞിയമ്പലം ഭാഗത്തെ കോട്ടപ്പുഴയുടെ ഉദ്ഭവസ്ഥാനത്തെ രണ്ടു ചോലകളാണ് ഒരു തുള്ളി വെള്ളം പോലുമില്ലാതെ വറ്റിവരണ്ടത്. ഈ വര്‍ഷം അത്യുഷ്ണം അനുഭവപ്പെടുന്നതിനാല്‍ ചോലകള്‍ വറ്റിപ്പോകുന്നത് വേഗത്തിലാണ്. ചോലകള്‍ വറ്റിയതോടെ കാട്ടാനകള്‍ ഒരു മാസത്തോളമായി വെള്ളം തേടി കൂട്ടത്തോടെയാണ് നാട്ടിലേക്കിറങ്ങുന്നത്. ചോക്കാട് നാല്‍പ്പത് സെന്റ്, കുറിഞ്ഞിയ മ്പലം ഭാഗങ്ങളില്‍ പകല്‍ സമയത്തും കാട്ടാനകളെത്തുന്നുണ്ട്. വന്‍തോതില്‍ കൃഷിനാശത്തിനും ആളപായത്തിനും കാരണമാകും. ചോക്കാടന്‍ പുഴയുടെ ഉദ്ഭവ സ്ഥാനമായ ചിച്ചിപ്പാറ ടി കെ കോളനി ഭാഗങ്ങളില്‍ ചോലകളില്‍ മാത്രമാണ് ഇപ്പോള്‍ പേരിനെങ്കിലും നീരൊഴുക്കുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe