മഴക്കാലമെത്തിയതോടെ വീട്ടിൽ കുഞ്ഞനുറുമ്പുകളും കൂട്ടത്തോടെ വിരുന്നെത്തിയിട്ടുണ്ടാവും. വന്നാൽ പിന്നെ സ്വന്തം വീട് പോലെയാണ് പെരുമാറ്റം. അടുക്കളയും കിടപ്പുമുറിയും കുളിമുറിയും പോലും അവർ കീഴടക്കും. ഇവരുടെ ശല്യം ഒഴിവാക്കാൻ എന്താണ് മാർഗം എന്ന് ചിന്തിക്കുന്നവർക്കായി ചില പൊടിക്കൈകൾ പറഞ്ഞു തരട്ടെ..
ചോക്ക് ഉപയോഗിക്കുക എന്നത് വളരെ നല്ലതാണ്. ചോക്കിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ഉറുമ്പുകളെ അകറ്റിനിർത്താൻ സഹായിക്കുന്നു. ഉറുമ്പുകളെ സ്ഥിരമായി കാണുന്ന ചില ഇടങ്ങളിൽ കുറച്ച് ചോക്ക് പൊടിച്ച തൂവുക, വീടിന്റെ വാതിൽപ്പടിയിൽ ചോക്ക് കൊണ്ട് വര വരയ്ക്കുക. നിങ്ങളുടെ വീടിനെ ഉറുമ്പുകളിൽ നിന്ന് സംരക്ഷിക്കുവാൻ ചോക്ക് കൊണ്ട് വരയ്ക്കുന്നത് സഹായകരമാണ്.
ഉറുമ്പുകൾ കാണുന്ന സ്ഥലങ്ങളിൽ ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുകയോ അല്ലെങ്കിൽ നാരങ്ങയുടെ തൊലികൾ വയ്ക്കുകയോ ചെയ്യുക. നിങ്ങളുടെ വീടിന്റെ തറ അല്പം നാരങ്ങ നീര് ചേർത്ത വെള്ളം ഉപയോഗിച്ച് കഴുകാം. ഉറുമ്പിന് നാരങ്ങ നീരിന്റെ മണം ഇഷ്ടപ്പെടാത്തതിനാൽ അവ അകന്നുപോകുന്നതാണ്. പഞ്ചസാര ഉറുമ്പിനെ ഏറെ പ്രിയമാണെങ്കിലും പുളിയും കയ്പും ഉള്ള എന്തും ഇവയെ അകറ്റി നിർത്തും
ബേക്കിംഗ് സോഡയുമായി പഞ്ചസാര പൊടിച്ചത് ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ഉറുമ്പുകൾക്ക് കഴിക്കാൻ ഒരു തുറന്ന പാത്രത്തിൽ വെയ്ക്കാം. അല്ലെങ്കിൽ ഉറുമ്പുകൾ കൂടുന്ന ഭാഗങ്ങളിൽ ഇത് വിതറുകയും ചെയ്യാം.
75 ഗ്രാം പഞ്ചസാര പൊടിച്ചിട്ട് ഒരു പേപ്പറിൽ നിരത്തി വയ്ക്കുക. ഇതിലേക്ക് 20 ഗ്രാം ബോറിക് ആസിഡ് എല്ലാ ഭാഗത്തും വീഴത്തക്ക വിധത്തിൽ വിതറുക. നന്നായി ഇളക്കിചേർത്ത ശേഷം ഉറുമ്പ് നടക്കുന്ന സ്ഥലങ്ങളിൽ വെള്ളം വീഴാത്ത ഭാഗത്ത് ഇട്ടു കൊടുക്കുക. ഉറുമ്പ് എടുത്ത് തീർത്താൽ വീണ്ടും അൽപം കൂടി ഇട്ടു കൊടുക്കുക. അവ എടുത്തു കൊണ്ടുപോയി ചത്തുകൊള്ളും.
ഒരു കപ്പ് ചെറുചൂടുള്ള വെള്ളവും കുറച്ച് ഓറഞ്ച് തൊലിയും ചേർത്ത് കുഴമ്പ് പരുവത്തിൽ മിശ്രിതം തയ്യാറാക്കുക. ഇത് ഉറുമ്പുകൾ കൂട്ടത്തോടെ വരുന്ന ഇടങ്ങളിൽ പുരട്ടിയതിന് ശേഷം തുടയ്ക്കുക.
വിനാഗിരിയുടെ ഗന്ധം ഉറുമ്പുകൾക്ക് സഹിക്കാൻ കഴിയില്ല. വെള്ളവും വെളുത്ത വിനാഗിരിയും തുല്യ അളവിൽ ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. ഇതിലേക്ക് കുറച്ച് തുള്ളി അവശ്യ എണ്ണ ചേർത്ത് നന്നായി കുലുക്കുക. ഈ മിശ്രിതം ഉറുമ്പുകൾ പ്രവേശിക്കുന്ന സ്ഥലങ്ങളിൽ തളിക്കുക.