ന്യൂഡൽഹി: പ്രളയക്കെടുതിയിൽ ഉത്തർപ്രദേശിൽ 18 ലക്ഷം ജനങ്ങൾ ദുരിതത്തിൽ. അറുപതോളം പേര്‍ മരിച്ചു. കിഴക്കൻ, മധ്യമേഖലകളിലാണ് മഴയും വെള്ളപ്പൊക്കവും രൂക്ഷം. വൻതോതിൽ കൃഷി നശിച്ചു. ട്രാക്കുകൾ വെള്ളത്തിനടിയിലായതിനാൽ ലഖിംപൂർ ഖേരി-–-മൈലാനി സെക്‍ഷനിൽ ട്രെയിൻ ഗതാഗതം നിർത്തി. നേപ്പാൾ
അതിർത്തിയിലെ ജില്ലകളിൽ സ്ഥിതി വളരെ മോശമാണ്. അസംഗഡ്,ബല്ലിയ, പിലിഭിത്, ഷാജഹാൻപൂർ, ഖുഷിനഗർ, ശ്രാവസ്തി, ബൽറാംപൂർ, ലഖിംപൂർ ഖേരി, ബരാബങ്കി, സീതാപൂർ, ഗോണ്ട സിദ്ധാർഥ് നഗർ, മൊറാദാബാദ്, ബറേലി, ബസ്തി എന്നിവയുൾപ്പെടെ 18 ജില്ലകളെ പ്രളയം ബാധിച്ചു. അഞ്ചുദിവസം കൂടി സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം.
