മഴ ഒഴിഞ്ഞിട്ടും ദുരിതം തീരുന്നില്ല; മൂന്ന് ജില്ലകളിലെ നിശ്ചിത ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

news image
Jul 9, 2023, 3:42 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തോര്‍ന്നിട്ടും ദുരിതം തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ നിശ്ചിത മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ നിശ്ചിത പ്രദേശങ്ങളിലാണ് അവധി നാളെ (2023 ജൂലൈ 10) അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും അവധി ബാധകമല്ല.

ആലപ്പുഴ ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷമായ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ പാടശേഖരങ്ങളില്‍ മടവീഴ്ച മൂലം നിലവില്‍ ഏകദേശം പൂര്‍ണ്ണമായും വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും മിക്ക സ്ക്കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച് വരുന്നതിനാലും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗന്‍വാടികള്‍ക്കും ട്യൂഷന്‍ സെന്‍ററുകള്‍ക്കും അവധി ബാധകമാണ്. കൂടാതെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അതേസമയം, മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റുമുണ്ടായിരിക്കില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe