തിരുവനന്തപുരം: കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും മുന്നറിയിപ്പ് നൽകി.