മസാജ് സെന്ററിൽ തുടക്കം, പോക്സോ കേസിലും പ്രതി​​; സിനിമതാരങ്ങളുമായി അടുത്ത ബന്ധം, തസ്ലീമയുടെ ലഹരിവഴികളിൽ ഞെട്ടി എക്സൈസ്

news image
Apr 3, 2025, 6:07 am GMT+0000 payyolionline.in

ആലപ്പുഴ: ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താനയും ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസും എക്സൈസിന്റെ പിടിയിലാവുന്നത്. സിനിമ മേഖലയിലെ ഉന്നതരുമായി ക്രിസ്റ്റീനക്ക് അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇവരെ സംബന്ധിക്കുന്ന കൂടുതൽവിവരങ്ങൾ പുറത്ത് വരികയാണ്.

സിനിമ, ടൂറിസം മേഖലകൾ കേന്ദ്രീകരിച്ചാണ് ഇവർ ഹൈബ്രിഡ് കഞ്ചാവ് വിൽപന നടത്തിയിരുന്നതെന്നാണ് എക്സൈസ് വ്യക്തമാക്കിയിരുന്നത്. റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഇവർ ലഹരി വിൽപന നടത്തിയിരുന്ന വിവരം രണ്ട് മാസം മുമ്പ് തന്നെ എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ഓമനപ്പുഴ കടപ്പുറത്തെ ഒരു റിസോർട്ടിൽ ലഹരി ഇടപാട് നടക്കുന്ന വിരമറിഞ്ഞ് എക്സൈസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തുകയായിരുന്നു.

റിസോർട്ടിൽ നിന്നും നേരിയ അളവിൽ എം.ഡി.എം.എ പിടിച്ചിരുന്നുവെങ്കിലും പ്രതികളെ കണ്ടെത്തിയിരിന്നില്ല. എന്നാൽ, ക്രിസ്റ്റീന ഇവിടേക്ക് വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം കാത്തുനിന്നു. റിസോർട്ടിൽ എത്തിയ ക്രിസ്റ്റീനയേയും വണ്ടി ഓടിച്ചിരുന്ന ഫിറോസിനേയും എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.

എറണാകുളത്ത് മസാജ് സെന്ററും സ്പായും നടത്തുമ്പോഴാണ് ലഹരി വിൽപനയിലേക്ക് ക്രിസ്റ്റീന തിരിഞ്ഞതെന്നാണ് അനുമാനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ഒത്താശ ചെയ്ത സംഭവത്തിൽ ഇവർക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിരുന്നു.

ഇവരുടെ ഫോണിൽ നിന്നും നിരവധി സിനിമ താരങ്ങളും നമ്പർ എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. വാട്സാപ്പ് ചാറ്റുകളിലൂടെയാണ് ഇവർ സിനിമ താരങ്ങളുമായി ലഹരി ഇടപാടുകൾ നടത്തുന്നത്. ഇത് വീണ്ടെടുക്കുന്നതിനായി ഫോണുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഈ ചാറ്റുകൾ വീണ്ടെടുത്തതിന് ശേഷം ആവശ്യമെങ്കിൽ താരങ്ങളെ വിളിച്ചു​വരുത്തുമെന്നും എക്സൈസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe