മസ്തകത്തിന് പരിക്കേറ്റ കൊമ്പന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല; സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാൻ 30% മാത്രം സാധ്യത; വനംവകുപ്പിന്റെ നിരീക്ഷണം തുടരുന്നു

news image
Feb 20, 2025, 3:53 am GMT+0000 payyolionline.in

എറണാകുളം: അതിരപ്പിള്ളിയിൽ നിന്ന് കോടനാട്ടെ അഭയാരണ്യത്തിൽ എത്തിച്ച കാട്ടാനയുടെ ആരോഗ്യസ്ഥിതി അതേനിലയിൽ തുടരുന്നു. ആന സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാൻ ഇപ്പോഴും 30ശതമാനം സാധ്യത മാത്രമാണ് അവശേഷിക്കുന്നതെന്നാണ് വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ വിലയിരുത്തല്‍. ആന തീറ്റയെടുത്ത് തുടങ്ങിയത് ശുഭസൂചനയാണെന്നും വനംവകുപ്പ് അറിയിച്ചു. ഇലകളും പുല്ലുമാണ് കഴിച്ചുതുടങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ കൊമ്പന്‍ ശാന്തനായി തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു. ഡോക്ടർ അരുൺ സക്കറിയ ഇന്ന് വീണ്ടും ആനയുടെ ആരോഗ്യനില വിലയിരുത്തും.

അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്നാണ് ഇന്നലെ ഡോ. അരുൺ സക്കറിയ പ്രതികരിച്ചത്. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയിൽ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു.

ഒന്നരമാസത്തോളം തുടർച്ചയായി ചികിത്സ നൽകേണ്ടിവരും. പ്രത്യേക മെഡിക്കൽ സംഘം ആനയ്ക്ക് നൽകേണ്ട ചികിത്സയെക്കുറിച്ച് മാർഗരേഖയുണ്ടാക്കും. ആദ്യം ആനയ്ക്ക് നൽകിയ ചികിത്സ ഫലം കണ്ടിരുന്നു. പുഴു കയറിയാണ് വീണ്ടും ഇൻഫക്ഷനായത്. ആന മയങ്ങി വീണത് ഗുണം ചെയ്തു. സ്പോട്ടിൽ വെച്ച് തന്നെ ചികിത്സ നൽകാനായി. പഴുപ്പ് പൂർണമായും നീക്കം ചെയ്തു. കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും കഴിഞ്ഞ വർഷം മാത്രം ഏറ്റുമുട്ടലിൽ ചരിഞ്ഞത് 12 ആനകളാണെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു.

അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ ഇന്നലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എഴുന്നേൽപ്പിക്കാനായി. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമൽ ആംബുലന്‍സിലേക്ക് മാറ്റിയശേഷമാണ് കോടനാടിലെത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe