തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻകാർഡുകളിൽ മസ്റ്ററിങ് നടത്താത്ത 11,56,693 പേരുടെ റേഷൻ മരവിപ്പിച്ചു. നിരവധി അവസരങ്ങൾ ഭക്ഷ്യവകുപ്പ് നൽകിയെങ്കിലും ഇതിലൊന്നും സഹകരിക്കാതെ മാറിനിന്നവരെയാണ് കേരളത്തിലെ സ്ഥിരതാമസക്കാരല്ലെന്ന് (നോൺ റെസിഡന്റ് കേരള- എന്.ആർ.കെ) ചൂണ്ടിക്കാട്ടി സർക്കാർ ഒഴിവാക്കുന്നത്. ഇവരുടെ പേര് റേഷൻ കാർഡിലുണ്ടാകുമെങ്കിലും മാർച്ച് 31ന് ശേഷം ഇവരുടെ ഭക്ഷ്യവിഹിതം പൂർണമായും റദ്ദുചെയ്യുമെന്ന് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്. അതിനാൽ നിലവിൽ മസ്റ്ററിങ് നടത്താത്തവരുണ്ടെങ്കിൽ അടിയന്തരമായി മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
മുൻഗണന കാർഡുകളിൽ ആകെ 1.54 കോടി
കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ് മുൻഗണന കാർഡ് അംഗങ്ങളായ ഉപഭോക്താക്കളെ തിരിച്ചറിയാൻ ഇ കെ.വൈ.സി മസ്റ്ററിങ്ങിന് സെപ്റ്റംബർ മുതൽ തീവ്രയജ്ഞം ആരംഭിച്ചത്. ഇരു കാർഡുകളിലുമായി 1.54 കോടി അംഗങ്ങളുള്ളതിൽ 1.36 കോടി പേർ മാത്രമാണ് (95.82 ശതമാനം) ഇതുവരെ മസ്റ്ററിങ് നടത്തിയത്. ഡിസംബർ 31 വരെയാണ് മസ്റ്ററിങ്ങിന് സമയം അനുവദിച്ചിരുന്നതെങ്കിലും കേരളം ആവശ്യപ്പെട്ട പ്രകാരം മാർച്ച് 31വരെ കേന്ദ്രം സമയം നീട്ടിനൽകുകയായിരുന്നു.
കൂടുതൽ മലപ്പുറത്ത്
മഞ്ഞ കാർഡുകാരിൽ 1,49,852 പേരും പിങ്ക് കാർഡുകാരിൽ 10,06,841 പേരും മസ്റ്ററിങ് നടത്തിയിട്ടില്ല. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ മസ്റ്ററിങ് നടത്താനുള്ളത്. മഞ്ഞ, പിങ്ക് കാർഡുകളിലായി 1,33,384 പേർ. തിരുവനന്തപുരം:1,30,136 , പാലക്കാട് :1,19,106 , തൃശൂർ: 1,15,503, കൊല്ലം: 1,10,600 പേരും മസ്റ്ററിങ് പൂർത്തിയാക്കാനുണ്ട്. ഏറ്റവും കുറവ് വയനാട്; 21,304 പേർ മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കാനുള്ളത്.
ഇനി എന്തു ചെയ്യും?
ഇതര സംസ്ഥാനത്തുള്ളവർക്ക് അവർ താമസിക്കുന്നിടങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് പൂർത്തിയാക്കാം. കേരളത്തിലുണ്ടായിട്ടും നാളിതുവരെ മസ്റ്ററിങ് പൂർത്തിയാക്കാത്തവരാണെങ്കിൽ താലൂക്ക് സപ്ലൈ ഓഫിസിലെത്തി എന്.ആർ.കെ പട്ടികയിൽ നിന്ന് ഒഴിവാകാൻ അപേക്ഷ നൽകണം. 24 മണിക്കൂറിനുള്ളിൽ ഇവരെ എൻ.ആർ.കെ പട്ടികയിൽ നിന്ന് ഒഴിവാക്കും. തുടർന്ന്, പൊതുവിതരണ വകുപ്പിന്റെ ഫേസ് ആപ് വഴി മസ്റ്ററിങ് പൂർത്തിയാക്കാം.