തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ മുൻഗണന കാർഡുകാരുടെ മസ്റ്ററിങ് പൂർത്തിയാക്കാൻ രണ്ടുമാസംകൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് കേന്ദ്രസർക്കാരിന് കത്തുനൽകി. കിടപ്പ് രോഗികൾ, സംസ്ഥാനത്തിന് പുറത്ത് പഠനത്തിനോ, ജോലിക്കോ പോയവർ, വിദേശരാജ്യങ്ങളിൽ പോയവർ എന്നിവർക്ക് മസ്റ്ററിങ് നടത്താനായിട്ടില്ല. പത്തുവയസിന് താഴെയുള്ള കുട്ടികൾ, പത്തുവർഷത്തിൽ അധികമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാത്തവർ എന്നിവരുടെ മസ്റ്ററിങ്ങും നടത്തിയിട്ടില്ല. തിങ്കൾ വൈകിട്ടുവരെയുള്ള കണക്കനുസരിച്ച് 83 ശതമാനമാണ് മസ്റ്ററിങ് നടത്തിയവർ.
സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർഥികളുടെ ഉൾപ്പെടെ മസ്റ്ററിങ് അവിടങ്ങളിലെ റേഷൻകടകളിൽനിന്ന് നടത്താമെന്ന് കേന്ദ്രം പറയുമ്പോഴും അതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. ഇവർ നാട്ടിൽ എത്തി മസ്റ്ററിങ് ചെയ്യേണ്ടി വരും. നിലവിൽ എല്ലാജില്ലകളിലും മസ്റ്ററിങ് 25 വരെ നീട്ടിയതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.