മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ; വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി

news image
Jun 7, 2023, 4:24 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്‌ഐ നേതാവായ കെ.വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ.വിദ്യ (വിദ്യ വിജയന്‍) ഗെസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് വിവാദമായതോടെയാണ് കേസെടുത്തത്.

കാലടി സംസ്‌കൃത സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വിദ്യ മുന്‍പ് എറണാകുളം മഹാരാജാസിലും എസ്എഫ്‌ഐ നേതാവായിരുന്നു. ഈമാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവിനു വിദ്യ 2 സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി. 2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയില്‍ പറയുന്നത്. ആദ്യ സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ വിദ്യ യഥാര്‍ഥത്തില്‍ മഹാരാജാസിലെ പിജി വിദ്യാര്‍ഥിയായിരുന്നു.

ഇന്റര്‍വ്യൂ പാനലിലുള്ളവര്‍ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്തായത്. മഹാരാജാസ് മലയാള വിഭാഗത്തില്‍ 10 വര്‍ഷമായി ഗെസ്റ്റ് ലക്ചറര്‍മാരെ നിയമിച്ചിട്ടില്ല. വിവാദത്തെത്തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിനു നല്‍കിയ പരാതിയിലും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്വേഷണം അഗളി പൊലീസിനു കൈമാറും.

മുന്‍പ് പാലക്കാട്ടും കാസര്‍കോട് കരിന്തളത്തുമുള്ള 2 ഗവ. കോളജുകളില്‍ വിദ്യ ഗെസ്റ്റ് ലക്ചററായിരുന്നു. കാസര്‍കോട്ടും മഹാരാജാസിലെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായി പറയുന്നു. എസ്എഫ്‌ഐ സംസ്ഥാന നേതാവിന്റെ അറിവോടെയും സഹായത്തോടെയുമാണു വ്യാജരേഖ ചമച്ച് അന്നും ജോലി നേടിയതെന്ന് ആരോപണമുണ്ട്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യയ്ക്കു പിഎച്ച്ഡി പ്രവേശനം ലഭിച്ചതിലും ഇത്തരം ഇടപെടല്‍ സംശയിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe