മഹാരാഷ്ട്രയിലെ ഗവ. ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 12 ശിശുക്കളടക്കം 24 പേർ

news image
Oct 3, 2023, 3:18 am GMT+0000 payyolionline.in

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രയിൽ വീണ്ടും കൂട്ടമരണം. 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കൾ അടക്കം 24 പേർക്കാണ് ജീവൻ നഷ്ടമായത്. നന്ദേഡിലെ ഡോ. ശങ്കറാവു ചവാൻ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.

മരിച്ച 12 പേരിൽ ആറ് ആണും ആറ് പെൺ കുഞ്ഞുങ്ങളും ഉൾപ്പെടും. അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളുമാണ് മരിച്ച മുതിർന്നവർ. ഹൃദ്രോഗം, വിഷബാധ, ഉദരരോഗം, വൃക്കരോഗം, പ്രസവം, അപകടത്തിലേറ്റ പരിക്ക് തുടങ്ങിയ രോഗികളാണ് മരിച്ചത്. ആവശ്യത്തിന് മരുന്നില്ലാത്തതാണ് സംഭവത്തിന് വഴിവെച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ആവശ്യത്തിന് മരുന്നും ജീവനക്കാരും ഇല്ലാത്തതും ഫണ്ടിന്‍റെ അപര്യാപ്തതയും നേരിടുന്നതായി മെഡിക്കൽ കോളജ് ഇൻ ചാർജ് ഡീൻ ഡോ. ശ്യാം റാവു വാക്കോട് എ.എൻ.ഐയോട് പറഞ്ഞു. 70 മുതൽ 80 കിലോമീറ്റർ ചുറ്റളവിലുള്ള ഏക ആശുപത്രിയാണിത്. അതിനാൽ, ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള രോഗികളാണ് ചികിത്സയ്ക്കായി എത്തുന്നത്. ചില ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടുമ്പോൾ അത് വലിയ പ്രതിസന്ധിക്ക് കാരണമാകും.

ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിൽ നിന്നാണ് മരുന്നുകൾ വാങ്ങേണ്ടത്. എന്നാൽ, അത് നടക്കാറില്ല. രോഗികൾക്ക് പ്രാദേശികമായി വാങ്ങുന്ന മരുന്നുകളാണ് നൽകുന്നത്. അവശ്യമരുന്നുകൾ ആശുപത്രിയിൽ ലഭ്യമാണ്. ആശുപത്രിക്ക് 12 കോടി രൂപയാണ് ഫണ്ട് ഉള്ളത്. ഈ സാമ്പത്തിക വർഷം നാലു കോടി രൂപയാണ് അനുവദിച്ചത്. മറ്റ് രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ട് -ഡോ. ശ്യാം റാവു വ്യക്തമാക്കി.

ആശുപത്രിയിലെ സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രതികരിച്ചു. ആശുപത്രിയിൽ എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായി ഹാരാഷ്ട്ര മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. ദിലീപ് മൈശേക്കർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe