മുംബൈ: പട്ടി കടിച്ച യുവതി പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും പേവിഷ ബാധയേറ്റ് മരിച്ചു. പ്രതിരോധ കുത്തിവെപ്പെടുത്ത് മൂന്ന് ദിവസത്തിന് ശേഷമാണ് യുവതി മരിച്ചത്. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. 21 കാരിയായ സൃഷ്ടി ഷിൻഡെയാണ് മരിച്ചത്. ഫെബ്രുവരി മൂന്നിനാണ് സൃഷ്ടി ഷിൻഡെയെ തെരുവ് നായ കടിച്ചത്. ഇരുചക്ര വാഹനത്തിൽ പോകവെ ഫോൺ കോൾ വന്നപ്പോൾ വാഹനം നിർത്തിയപ്പോഴാണ് പട്ടി കടിച്ചത്. കടിയേറ്റതിന് ശേഷം ഷിൻഡെ ആൻ്റി റാബിസ് വാക്സിൻ്റെ അഞ്ച് ഡോസുകളും സ്വീകരിച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പനി പിടിപെടുകയും ഇരുകാലുകളും കുഴയുകയും ചെയ്തു. തുടർന്ന് സൃഷ്ടി ഷിൻഡെയെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പേവിഷ ബാധിച്ചതായി കണ്ടെത്തി. തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. വാക്സിൻ കോഴ്സ് പൂർത്തിയാക്കിയിട്ടും എങ്ങനെയാണ് പേവിഷ ബാധയേറ്റതെന്ന് ചോദ്യമുയർന്നു. വാക്സിൻ സൂക്ഷിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലേയെന്നും ചോദ്യമുയർന്നു.