മാജിക് മഷ്റൂം കൂൺ മാത്രം; നിരോധിത ലഹരി വസ്തുവല്ല, ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

news image
Jan 17, 2025, 4:45 pm GMT+0000 payyolionline.in

കൊച്ചി: മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന രാസവസ്തുവിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ അതു നിരോധിത ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടതല്ലെന്നും അതൊരു ഫംഗസ് (കൂൺ) മാത്രമാണെന്നും ഹൈക്കോടതി. ലഹരിക്കേസു പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണു ഹൈക്കോടതിയുടെ നിരീക്ഷണം. മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന ഭ്രമാത്മകതയുണ്ടാക്കുന്ന സിലോസൈബിന്റെ അളവ് എത്രയെന്നു കണക്കാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കർണാടക സ്വദേശിക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ വയനാട്ടിലെ കാട്ടിക്കുളത്ത് വച്ച് ആഡംബര കാറിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ‍ പിടിച്ചതായിരുന്നു കേസ്. 276 ഗ്രാം മാജിക് മഷ്റൂം, 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകൾ, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ്സ് എന്നിവയാണു പിടിച്ചെടുത്തത്.

ഇതു കടത്തുകയായിരുന്ന ബെംഗളൂരു സ്വദേശിയായ രാഹുൽ റായി അറസ്റ്റിലുമായി.
പ്രതി അറസ്റ്റിലായിട്ട് 90 ദിവസം കഴിഞ്ഞെന്നും വാണിജ്യ അളവിലുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി. കഞ്ചാവും ചരസും ജാമ്യം കിട്ടാവുന്ന അളവിലുള്ളതേ പിടിച്ചെടുത്തിട്ടുള്ളൂ. മാജിക് മഷ്റൂമിലെ സിലോസൈബിന്റെ അളവ് കണക്കാക്കിയിട്ടില്ല. പ്രതി അമേരിക്കയിൽ പഠിച്ച് അവിടെ ജോലി ചെയ്തിരുന്ന ആളാണ് തുടങ്ങിയ കാര്യങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാൽ ജാമ്യം അനുവദിക്കരുതെന്നും വാണിജ്യ അളവിലുള്ള മാജിക് മഷ്റൂമാണ് പിടിച്ചെടുത്തതെന്നും പ്രോസിക്യൂഷനും വാദിച്ചു. തുടർന്നാണു സമാനമായ വിധത്തിൽ കർണാടക, തമിഴ്നാട് ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധികൾ ഹൈക്കോടതി പരിഗണിച്ചത്.
സിലോസൈബിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ മാജിക് മഷ്റൂം മുഴുവൻ ലഹരി വസ്തുവായി കണക്കാക്കാനാവില്ല. ഇത് ലഹരി വസ്തുവുമായി കൂട്ടിക്കലർത്തിയതുമല്ല. അതുകൊണ്ടു തന്നെ ഷെഡ്യൂൾഡ് ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത് ഇവിടെ ബാധകമല്ല എന്നും വ്യക്തമാക്കിയ കോടതി പ്രതിക്കു ജാമ്യം അനുവദിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe