കൊടുങ്ങല്ലൂർ: ഉമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയായ മുഹമ്മദ് (26) ലഹരിക്കടിമയെന്ന് പൊലീസ്. മരപ്പാലത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ് മുഹമ്മദ്. ലഹരി ഉപയോഗിക്കുന്നത് വാപ്പയും ഉമ്മയും തടയുന്നതിലുള്ള വിരോധമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. കഴുത്തുമുറിഞ്ഞ് സാരമായി പരിക്കേറ്റ ഉമ്മ സീനത്ത് (53) അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അഴീക്കോട് മരപ്പാലത്തെ വീട്ടിൽ ഉമ്മയ്ക്കും വാപ്പയ്ക്കുമൊപ്പമാണ് മുഹമ്മദ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി 8.30ഓടെയാണ് ഇയാൾ ഉമ്മയെ ആക്രമിച്ചത്. അടുക്കളയിൽ വെച്ച് ഉമ്മയെ ഇടത് കൈകൊണ്ട് മുടിയിൽ കുത്തിപ്പിടിച്ച് വലതുകൈയിൽ കരുതിയ കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ സീനത്തിനെ രക്ഷിക്കാനെത്തിയ അയൽവാസി കബീറിനെയും മുഹമ്മദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
സീനത്തിനെ ആദ്യം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. മൂന്നു വർഷം മുമ്പ് മുഹമ്മദ് പിതാവിനെയും സമാനരീതിയിൽ ആക്രമിച്ചിരുന്നു. അന്ന് കേസെടുത്ത പൊലീസ് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.