മാധ്യമങ്ങൾക്ക് നോ എൻട്രി; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾക്ക് കളക്ടറുടെ വിലക്ക്

news image
Nov 14, 2024, 6:18 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാധ്യമങ്ങളെ വിലക്കി വരണാധികാരി കൂടിയായ ജില്ലാ കളക്ടർ. പി പി ദിവ്യ രാജിവച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്കാണ് മാധ്യമങ്ങളെ കടത്തി വിടാതെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിന് പുറത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. മാധ്യമ പ്രവർത്തകരെ തടയാൻ നിർദേശമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

ഇന്ന് രാവിലെ 11 ക്കാണ് ജില്ലാ പഞ്ചായത്ത് ഹാളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്. എ ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പി പി ദിവ്യ രാജിവച്ചതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ കെ കെ രത്നകുമാരിയാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥി. പരിയാരം ഡിവിഷനിൽ നിന്നുള്ള അംഗമാണ്.

കോൺഗ്രസിന് വേണ്ടി ലിസി ജോസഫ് മത്സരിക്കാനാണ് സാധ്യത. ഫലപ്രഖ്യാപനത്തിനുശേഷം ഉച്ചയോടെ വരണാധികാരിയായ കളക്ടറുടെ സാന്നിധ്യത്തിൽ ആകും സത്യപ്രതിഞ്ജ. ജില്ലാ പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയിൽ ഏഴുപേർ യുഡിഎഫും 17 പേർ എൽഡിഎഫുമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe