മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ തോന്നും പോലെ പിടിച്ചെടുക്കാനാകില്ല, മുന്നറിയിപ്പുമായി സുപ്രീം കോടതി

news image
Nov 7, 2023, 1:11 pm GMT+0000 payyolionline.in

ദില്ലി:  മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ തോന്നും പോലെ പിടിച്ചെടുക്കാനാവില്ലെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. ഇക്കാര്യത്തിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നല്കി. ഭരണകൂടം എന്നാൽ അന്വേഷണ ഏജൻസികൾ ആയി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ഫോണും ക്യംപൂട്ടറടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുന്ന പ്രവണ കൂടുന്നതിനെതിരെ മിഡിയ പ്രൊഫഷണൽസ് ഫൗണ്ടേഷൻ നല്കിയ ഹർജിയിലാണ് കോടതി നിലപാട് അറിയിച്ചത്.

മാധ്യമപ്രവർത്തകർക്ക് വാർത്താസ്രോതസ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യത മൗലിക അവകാശമാണെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ എങ്ങനെ റെയിഡ് നടത്താം. എന്താെക്കെ പിടിച്ചെടുക്കാം, എപ്പോൾ പിടിച്ചെടുക്കാം എന്നിവയിലൊക്കെ മാർഗ്ഗരേഖ ആവശ്യമാണ്. തന്നിഷ്ട പ്രകാരം നടപടി എടുക്കാനാവില്ല. സർക്കാരുകളെന്നാൽ അന്വേഷണ ഏജൻസികളാകുന്നത് അംഗീകരിക്കാനാവില്ല. പിടിച്ചെടുക്കുന്ന ഉപകരണങ്ങളിലുള്ളത് ചോർന്നാൽ അത് മാധ്യമപ്രവർത്തകരുടെ അവകാശങ്ങളുടെ ലംഘനമാകും. ഒരു സർക്കാരിൻറെ നയത്തെ ഇക്കാര്യത്തിൽ മറ്റു സർക്കാരുകൾ പകർത്തുന്ന പ്രവണതയുണ്ടെന്ന പരാമർശവും കോടതി നടത്തി. അന്വേഷണ ഏജൻസികൾക്ക് പരിശോധന നടത്തേണ്ടി വരുമെന്നും ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് വിശേഷ അവകാശമില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു.

എന്നാൽ ഇതിൽ മാർഗ്ഗരേഖ അനിവാര്യമാണെന്ന് കോടതി മറുപടി നല്കി.  അടുത്തമാസം ആറിന് കേസ് പരിഗണിക്കും മുമ്പ് മാർഗ്ഗരേഖ തയ്യാറാക്കി നല്കാനാണ് കേന്ദ്രത്തിന് നിർദ്ദേശം. ന്യൂസ് ക്ളിക്ക്, ബിബിസി, ഓൾട്ട് ന്യൂസ് , ദ വയർ തുടങ്ങിയ സ്ഥാപനങ്ങളിലെ റെയിഡുകൾ വിവാദമായിരുന്നു. കേരളത്തിലും പൊലീസ് മാധ്യമസ്ഥാപനങ്ങളിൽ കയറി പരിശോധന നടത്തുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ കൂടി വരികയാണ്. മാധ്യമസ്ഥാപനങ്ങളിൽ തന്നിഷ്ടത്തിന് ഇത്തരം നീക്കങ്ങൾ ഏജൻസികൾക്ക് നടത്താനാവില്ല എന്ന മുന്നറിയിപ്പ് കൂടിയാണ് മാർഗ്ഗരേഖ തയ്യാറാക്കാനുള്ള സുപ്രീംകോടതിയുടെ നീക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe